ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മൂന്ന് പ്രതികള്‍ക്കും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കൈക്കൂലി റാക്കറ്റിലെ ഏജന്റ് വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയർ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ വിജിലന്‍സിന് വീഴ്ച ഉണ്ടായെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റ് നടപടികളിലാണ് വീഴ്ചയുണ്ടായത്, അറസ്റ്റിന്റെ കാരണം പ്രതികളെ അറിയിച്ചില്ലെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കി തീർക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്ന് 2 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്. . കശുവണ്ടി വ്യവസായ സ്ഥാനപത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് കണക്കുകളില്‍ കൃത്രിമം നടത്തിയെന്നും കാട്ടി 2024ല്‍ കൊച്ചി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വ്യവസായിക്ക് സമന്‍സ് അയച്ചിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൊച്ചി ഇ.ഡി ഒാഫിസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നിര്‍ദേശിച്ച മുംബൈയിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് രണ്ട് കോടി രൂപ ഇടാന്‍ ആവശ്യപ്പെട്ട് തമ്മനം സ്വദേശി വില്‍സണ്‍ സമീപിച്ചുവെന്നാണ് വ്യവസായി പറയുന്നത്. കേസില്‍ ഒന്നാം പ്രതി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
ഇ.ഡി ഒാഫീസുമായുള്ള തന്‍റെ ബന്ധം തെളിയിക്കാന്‍ ഒാഫിസില്‍ നിന്ന് സമന്‍സ് അയപ്പിക്കാമെന്ന് വില്‍സണ്‍ പറഞ്ഞിരുന്നതായും വ്യവസായി പറയുന്നു. ഈ മാസം 14ന് സമന്‍സ് ലഭിക്കുകയും ചെയ്തു. കൈക്കൂലിപ്പണത്തിന്‍റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വില്‍സണും മുകേഷും അറസ്റ്റിലായതും ഉന്നത ഇ.ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കേസിലേക്ക് അന്വേഷണം വികസിച്ചതും.