സിഗരറ്റ് കൊണ്ടുവരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ബെംഗളൂരില്‍ സോഫ്റ്റ്‌വെയർ എന്‍ജിനീയറായ 29 കാരന്‍ എച്ച്.എന്‍. സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. കനകപുര റോഡിലെ വസന്തപുര ക്രോസിലാണ് സംഭവം. രാജരാജേശ്വരി നഗറിൽ താമസിക്കുന്ന 31 കാരനായ പ്രതീക് എന്നയാളാണ് പ്രതി.
പൊലീസ് പറയുന്നതനുസരിച്ച്, മെയ് 10 ന്, സഞ്ജയ് തന്റെ സുഹൃത്തിനൊപ്പം റോഡരികിൽ സിഗരറ്റ് വലിക്കുകയായിരുന്നു. ഈ സമയം, പ്രതിയായ പ്രതീക് തന്റെ കാറിൽ സ്ഥലത്തെത്തി, വാഹനത്തിൽ ഇരിക്കുമ്പോൾ തന്നെ വഴിയരികിലെ ഒരു കച്ചവടക്കാരനിൽ നിന്ന് തനിക്ക് ഒരു സിഗരറ്റ് വാങ്ങാൻ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജയ് ആവശ്യം നിരസിക്കുകയും പിന്നീട് ഇതൊരു തര്‍ക്കമായി മാറുകയും ചെയ്തു.
പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാല്‍, സഞ്ജയും സുഹൃത്തും ബൈക്കില്‍ ഓഫീസിലേക്ക് മടങ്ങുമ്പോൾ, പ്രതീക് തന്റെ കാറിലെത്തി ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സഞ്ജയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കുലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇപ്പോഴും ചികില്‍സയിലാണ്. സംഭവ സമയത്ത് പ്രതി മദ്യലഹരിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.