pathanapuram

കൊല്ലം പത്തനാപുരത്ത് ഭാര്യയെ അസഭ്യം പറഞ്ഞയാളെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചു. കേസില്‍ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കറവൂര്‍ സ്വദേശി ഷാജഹാനാണ് പൊലീസ് പിടിയിലായത്. പിറവന്തൂര്‍ സ്വദേശി രജിയാണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി അനില്‍കുമാര്‍ ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. രജിയും ഷാജഹാനും അനില്‍കുമാറും സുഹൃത്തുക്കളായിരുന്നു. അനിലിന്‍റെ ഭാര്യയെ അസഭ്യം പറഞ്ഞു മര്‍ദിച്ചതാണ് ഷാജഹാനും അനിലും ചേര്‍ന്നു രജിയെ കൊലപ്പെടുത്താന്‍ കാരണം. ശനിയാഴ്ച വാഴത്തോട്ടത്തില്‍ വെച്ച് രജിയെ മര്‍ദിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇതുപ്രകാരം വാഴത്തോട്ടത്തില്‍ കാത്തുനിന്ന ഇവര്‍ രജിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഷാജഹാനും അനില്‍കുമാറും ചേര്‍ന്ന് മൃതദേഹം പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിച്ചു. പിന്നീട് ഇരുവരും ഒളിവില്‍ പോയി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി വനപാലകരെ വിവരം അറിയിച്ചത്. സംഭവത്തില്‍ അനില്‍കുമാറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ രജി അസഭ്യം പറ‍ഞ്ഞതും മര്‍ദിച്ചതുമെല്ലാം ഇവര്‍ പൊലീസിനോട് പറഞ്ഞു. അവിവാഹിതനാണ് മരിച്ച രജി. അനില്‍കുമാറിനു വേണ്ടിയുള്ള തിരച്ചില്‍ പത്തനാപുരം പൊലീസ് ഊര്‍ജിതമാക്കി.

ENGLISH SUMMARY:

In Kollam's Pathanapuram, a man was murdered and his body abandoned in the forest by a husband and his friend after he allegedly insulted the wife. The second accused in the case has been arrested by the police. Shahjahan, a native of Karavoor, was taken into custody. The deceased has been identified as Raji, a resident of Piravanthur. The prime accused, Anil Kumar, is currently absconding.