സി.പി.എം പ്രവർത്തകന്റെ വാരിയെല്ല് ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് തകർത്ത കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ച് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി. കത്തിക്കുത്ത് കേസില്‍ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് വാരിയെല്ല് അടിച്ച് തകര്‍ത്തത്. വടക്കേക്കാട് അണ്ടത്ത് പറമ്പ് കോളനിയിലെ റംസുദ്ദീൻ (27), നബീൽ (29) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വടക്കേക്കാട് ചൂതംകുളത്തുള്ള മാമ്പറ്റ വീട്ടിൽ ബാബുമോന്‍റെ (44) വാരിയെല്ലാണ് തകര്‍ന്നത്. 2021 ജൂൺ ആറിന് രാവിലെ എട്ടോടെയായിരുന്നു സംഭവം.
ജോലിക്ക് പോകാനായി ബൈക്കിൽ റോഡിലെത്തിയ സമയം കാത്തുനിന്നിരുന്ന പ്രതികൾ ബാബുമോന്റെ ബൈക്ക് തടഞ്ഞുനിറുത്തി തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ തലയ്ക്ക് പരിക്കേറ്റില്ല. പിന്നീട് വാരിയെല്ലുകൾ അടിച്ച് തകർക്കുകയായിരുന്നു.
2019 കാലത്തെ കപ്ലേങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ റംസുദ്ദീൻ ഉൾപ്പെടെയുള്ളവർ ഷഫീർ എന്ന ചെറുപ്പക്കാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ദൃക്‌സാക്ഷിയായിരുന്ന പരിക്കേറ്റ ബാബുമോൻ പൊലീസിന് മൊഴി നൽകിയതാണ് വിരോധത്തിന് കാരണം. ചാവക്കാട് അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ കെ.ആർ.രജിത്കുമാർ പ്രോസിക്യൂഷനായി ഹാജരായി.