കോഴിക്കോട് നല്ലളം പൊലീസിന്‍റെ പിടിയില്‍ നിന്ന് ചാടിപോയ മനുഷ്യക്കടത്ത് കേസ് പ്രതി അഞ്ചുമാസത്തിനുശേഷം അറസ്റ്റില്‍. അസമിലെത്തിയാണ് പൊലീസ് നസിദുല്‍ ഷെയ്ഖിനെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി മറ്റൊരാള്‍ക്ക് കൈമാറിയ കേസിലാണ് അറസ്റ്റ്. 

2023ലാണ് അസംകാരനായ നസിദുല്‍ ഷെയ്ഖ് കോഴിക്കോടെത്തുന്നത്. തുടര്‍ന്ന് കുടുബത്തോടൊപ്പം കോഴിക്കോട് താമസമാക്കിയ അസംകാരിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നു. പിന്നീട് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ അസമിലെത്തിച്ച് പിതാവ് ലാല്‍സന്‍ ഷേയ്ഖിന് കൈമാറി. ഇയാള്‍ 25,000 രൂപയ്കക്ക് ഹരിയാന സ്വദേശി സുശീല്‍ കുമാറിന് കുട്ടിയെ വിറ്റു. 

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ നവംബറില്‍ നസിദുല്‍ ഷെയ്ഖിനെ അസാമില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കോഴിക്കോട്ടേക്ക് ട്രെയിനില്‍ വരുമ്പോള്‍ പ്രതി കടന്നുകളയുകയായിരുന്നു.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അഞ്ചുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അസമില്‍ നിന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ ഹരിയാനക്കാരന്‍ സുശീല്‍ കുമാര്‍ നേരത്തെ പിടിയിലായിരുന്നു. ഒളിവിലുള്ള രണ്ടാം പ്രതിയും നസിദുല്‍ ഷേഖിന്‍റെ പിതാവുമായ ലാല്‍ഷു ഷേക്കിനായി അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

After evading the police for five months, Nazidul Sheikh — the prime accused in a Kozhikode human trafficking case — was arrested from Assam. In 2023, Nazidul lured a minor girl into a relationship, trafficked her to Assam, and handed her over to his father, who then sold her for ₹25,000 to a man in Haryana. Though he was previously taken into custody, he escaped while being brought to Kozhikode. Cyber cell assistance led to his re-arrest. The search continues for his father, Lalshan Sheikh.