കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരിക്ക് അടിമയാക്കി ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ ആൽഫിൻ ആന്റണിയും, റെൻഫിൻ ആന്റണിയുമാണ് പിടിയിലായത്. ലഹരി കച്ചവടത്തിന് പണം കണ്ടെത്താനാണ് വിദ്യാർഥിയെ ചൂഷണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പള്ളുരുത്തി സ്വദേശിയായ 16 വയസ്സുള്ള വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ആദ്യം കുട്ടിയെ ലഹരിക്ക് അടിമയാക്കുകയായിരുന്നു. തുടർന്ന്, ലഹരി ഉപയോഗിക്കുന്ന വിവരം വീട്ടുകാരെ അറിയിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയിലുണ്ട്. 

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്നും, അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് വീട്ടിൽ നിന്നും സ്വർണാഭരണം എടുക്കാൻ കുട്ടിയെ നിർബന്ധിച്ചത്. ഗത്യന്തരമില്ലാതെ വിദ്യാർഥി അമ്മയുടെ ഒന്നര പവന്റെ പാദസരം പ്രതികൾക്ക് കൈമാറി. ഈ ആഭരണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈക്കലാക്കിയതായാണ് പൊലീസ് പറയുന്നത്.

വിദ്യാർഥിയുടെ മൊബൈൽ ഫോൺ കാണാതായതിന്റെ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു. പ്രതികൾ മറ്റ് കുട്ടികളെയും ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Kochi minor drug abuse gold theft case involves siblings who allegedly enslaved and blackmailed a minor student for gold. Police investigations are ongoing to uncover further exploitation of other children by the criminal group.