കൊച്ചിയിൽ ബൈക്ക് ടാക്സികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഓട്ടോ-ടാക്സി തൊഴിലാളികൾ.നിയമവിരുദ്ധമായാണ് ഇവരുടെ പ്രവർത്തനമെന്നും തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നുമാണ് തൊഴിലാളി സംഘടനകളുടെ പരാതി. എന്നാൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതിനാൽ ബൈക്ക് ടാക്സികളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു.പനമ്പള്ളി നഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകാൻ ആപ്പ് വഴി ബൈക്ക് ടാക്സി ബുക്ക് ചെയ്തിട്ട് കുറെ സമയമായി. മൂന്ന് ബൈക്കുകൾ ബുക്കിംഗ് സ്വീകരിച്ചെങ്കിലും പിന്നീട് റദ്ദാക്കി
അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. സമീപത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡ് ഉള്ളതിനാൽ പലരും ഇവിടെ വന്ന് യാത്രക്കാരെ കയറ്റാൻ ഭയക്കുന്നു. ഒടുവിൽ ഓട്ടോ സ്റ്റാൻഡിൽ നിന്നും മറ്റൊരു ഭാഗത്തേക്ക് മാറി നിന്നപ്പോഴാണ് ഒരാൾ എത്തിയത്. പിൻ നമ്പർ നൽകി, അവർ നൽകിയ ഹെൽമറ്റും ധരിച്ച് നഗരത്തിലൂടെ ഒരു യാത്ര.മൂന്നര കിലോമീറ്റർ ദൂരത്തിന് ചിലവായത് വെറും 34 രൂപ മാത്രം. ഓട്ടോറിക്ഷയിലാണെങ്കിൽ ഇതിന്റെ ഇരട്ടിയിലധികം നൽകണം.
എന്നാൽ ഈ യാത്ര അത്ര സുഖകരമല്ല. ഓട്ടോ-ടാക്സി തൊഴിലാളികളെ ഭയന്നാണ് പല ബൈക്ക് ടാക്സി ഡ്രൈവർമാരും നഗരത്തിൽ ജോലി ചെയ്യുന്നത്. പലപ്പോഴും ഇത് വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും വരെ നീളുന്നു.കൊച്ചി നഗരത്തിൽ മാത്രം മുന്നൂറിലധികം ആളുകളാണ് ഇപ്പോൾ ബൈക്ക് ടാക്സിയിൽ ജോലി ചെയ്യുന്നത്. ഇതിൽ മറ്റൊരു കൗതുകം , ബൈക്ക് ടാക്സി ഓടിക്കുന്നവരിൽ പലരും മറ്റ് ജോലികൾക്കിടയിൽ നിന്നും സമയം കണ്ടെത്തി മുങ്ങി സർവീസ് നടത്തുന്ന വിരുതന്മാരാണ്.