കോഴിക്കോട് മാങ്കാവ്, കെട്ടിടത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടതില്‍ ദുരൂഹത ഒഴിയുന്നില്ല. മരണത്തിന് പിന്നില്‍ ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലിസ് നിഗമനം. ബന്ധുക്കളെ കണ്ടെത്താനാകാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും ആയിട്ടില്ല.  

മാങ്കാവ് ആഴ്ചവട്ടം അങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിലാണ് പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. മുന്‍ വ്യാപാരിയായ കക്കോടി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചതെന്ന നിഗമനത്തിലെത്തിയെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ളവ നടത്തണം. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റും വയര്‍ ചുറ്റിയ നിലയിലായിരുന്നു. മുറിയുടെ ഉള്ളില്‍ നിന്ന് വാതില്‌ കുറ്റിയിട്ടിരുന്നു. മാസങ്ങളായി കുടുംബബന്ധം തകര്‍ന്നതിനെച്ചൊല്ലി  കടുത്ത നിരാശയിലായിരുന്നു സന്തോഷ് എന്ന് അയല്‍വാസികള്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ജോലി ചെയ്തിരുന്ന മീഞ്ചന്തയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ തന്നെയാണ് മറ്റു ദിവസങ്ങളില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മീഞ്ചന്തയിലെ സ്ഥാപനം അടച്ചുപൂട്ടുന്നതിന്‍റെ സങ്കടവും പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ ആത്മഹത്യയാകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ കിടക്കുന്ന കട്ടിലിന് സമീപം സ്വിച്ചുകളൊന്നും ഇല്ല. ഇലക്ട്രിക് വയറുകള്‍ ദേഹത്ത് ചുറ്റ് സ്വിച്ച് ഓണ്‍ ചെയ്തത് മറ്റാരെങ്കിലുമാണോ എന്നും സംശയമുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാകൂ. 

ENGLISH SUMMARY:

A mysterious death has occurred in Kozhikode's Mangav, where a charred body was found inside a building, leaving authorities uncertain about whether it was suicide or murder. The police are investigating the incident further to determine the cause of death and identify the deceased.