പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമയുമായ കാര്‍ത്തിക പ്രദീപാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ചത്. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും യുവതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇപ്പോഴിതാ സൈബറിടത്ത് വൈറലാവുന്നത് കാര്‍ത്തിയോട് പൈസ ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തികയുടെ സംഭാഷണമാണ്. എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്നാണ് കാര്‍ത്തിക ചോദിക്കുന്നത്.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.