തമിഴ്നാട് തിരുപ്പൂരില്‍ നഴ്സിനെ അതിക്രൂരമായി തലയ്ക്കടിച്ചു കൊന്നു. 25കാരിയായ മധുര സ്വദേശി ചിത്രയാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. തിരുപ്പൂര്‍ ജില്ലാ കലക്ടറേറ്റിന് അടുത്ത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിനടുത്തായാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് തിരുപ്പൂര്‍ സൗത്ത് പൊലീസ് എത്തി. 

മൃതദേഹം പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. തലയും കൈകളുമെല്ലാം കല്ലുപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതച്ച നിലയിലായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിന്‍റെ യൂണിഫോം ധരിച്ചായിരുന്നു മൃതദേഹം. തുടര്‍ന്നാണ് പള്ളടം സാലയിലുള്ള സ്വകാര്യ ദന്തല്‍ ആശുപത്രിയിലെ നഴ്സാണെന്ന് മനസിലായത്. അവിടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മധുര സ്വദേശി ചിത്രയാണെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. 

ഇരുപത് ദിവസം മുന്‍പ് മാത്രമാണ് തിരുപ്പൂരെത്തിയതും ജോലിയില്‍ പ്രവേശിച്ചതും. തിരുപ്പൂര്‍ സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍  ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയോട് ആര്‍ക്കെങ്കിലും മുന്‍വൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

A 25-year-old nurse named Chitra from Madurai was found brutally murdered near a dilapidated building close to the Tiruppur District Collectorate. Police have intensified the search for the accused.