Image Credit: X/KanwhizTimes
ബുര്‍ഖ ധരിക്കാത്തതിന്‍റെ പേരില്‍ ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചിട്ട് ഭര്‍ത്താവിന്‍റെ ക്രൂരത. ഉത്തര്‍പ്രദേശിലെ ഷാമിലിയിലാണ് യുവാവ് വെടിവച്ചും ശ്വാസംമുട്ടിച്ചും കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറൂഖിന്‍റെ ഭാര്യ താഹിറ (35), രണ്ടു മക്കളായ ഷറീന്‍ (14), അഫ്രീന്‍ (ആറ്) എന്നിവരെ കാണാതായത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഗര്‍ഹി ദൗലത് ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. ഒരാഴ്ചയായി ഫറൂഖിന്‍റെ ഭാര്യയെയും മക്കളെയും കാണാതായിട്ട്. ചൊവ്വാഴ്ച ഗ്രാമമുഖ്യന്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ഫറൂഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊല നടത്തിയ വിവരം സമ്മതിച്ചു. ഉന്നത പൊലീസ് സംഘം വീട്ടിലെത്തി സ്ഥലം കുഴിച്ച് മൃതദേഹം പുറത്തെടുത്തു.
താഹിറ ജോലി ആവശ്യത്തിനായി ഫറൂഖിനോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി. ഈ ദേഷ്യത്തില്‍ യുവതി സ്വന്തം വീട്ടിലേക്ക് ഇറങ്ങി പോയി. ബുര്‍ഖ ധരിക്കാതെയായിരുന്നു താഹിറ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇത് തന്‍റെ അഭിമാനത്തിനുള്ള ക്ഷതമായി ഫറൂഖ് കണ്ടു. ഒരു മാസത്തിനിപ്പുറം ഭാര്യയെയും മക്കളെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും കൊലപ്പെടുത്തുകയുമായിരുന്നു.
ഡിസംബര്‍ ഒന്‍പതിനും പത്തിനും ഇടയിലാണ് സംഭവം നടക്കുന്നത്. കൊലപാതകത്തിന് മുന്‍പ് കക്കൂസ് മാലിന്യം തള്ളാനെന്ന പേരില്‍ ഫറൂഖ് ഒന്‍പത് അടി താഴ്ചയില്‍ കുഴിയുണ്ടാക്കി. പ്രദേശത്തു നിന്നും കള്ളത്തോക്കും വെടിയുണ്ടകളും സംഘടിപ്പിച്ചു. സംഭവദിവസം, ഭാര്യയോട് ചായ ആവശ്യപ്പെട്ട ഫറൂഖ് അടുക്കളയിലേക്ക് നടക്കുകയായിരുന്ന താഹിറയെ പിന്നില്‍ നിന്നും വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തുവന്ന അഫ്രീനെ വെടിവച്ചും ഷറീനെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. ഫറൂഖ്– താഹിറ ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ട്. അമ്മ വീടുമാറി പോയി എന്നാണ് ഫറൂഖ് മറ്റുമക്കളോട് പറഞ്ഞിരുന്നത്. ഹോട്ടല്‍ ജീവനക്കാരനാണ് ഫറൂഖ്.
കസ്റ്റഡിയില്‍ ഫറൂഖ് കൊലപാതകം സമ്മതിച്ചതായി ഷാംലി എസ്പി എന്‍.പി സിങ് പറഞ്ഞു. ബുര്‍ഖയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പ്രാഥമിക കാരണമെന്നും എസ്പി വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടനയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കം വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.