ഇടുക്കിയിൽ പട്ടാപ്പകൽ 80 വയസുകാരിയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. രാജകുമാരി സ്വദേശി മറിയക്കുട്ടിയുടെ ഒന്നര പവൻ സ്വർണവും 5000 രൂപയുമാണ് മോഷ്ടിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
രാജകുമാരി നടുമറ്റം സ്വദേശിയായ പാലത്തിങ്കൽ മറിയക്കുട്ടിയെ കെട്ടിയിട്ട് രാവിലെ ഒമ്പത് മണിയോടെയാണ് സ്വർണ്ണവും പണവും കവർന്നത്. കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ മൂന്നംഗ സംഘം മറിയക്കുട്ടിയുടെ കൈകൾ ഊണ് മേശയോട് ചേർത്ത് കെട്ടിയ ശേഷം ദേഹത്തുണ്ടായിരുന്ന ഒന്നര പവൻ സ്വർണ്ണം കവർന്നു. വീട്ടിലെ അലമാര തുറന്ന് സംഘം പരിശോധന നടത്തുന്നതിനിടെ സ്വയം കെട്ടഴിച്ച് മറിയക്കുട്ടി ഓടി രക്ഷപ്പെട്ടു. മോഷണ വിവരം മറിയക്കുട്ടി പറഞ്ഞതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന തടിപ്പണിക്കാർ വീട്ടിലേക്ക് എത്തിയെങ്കിലും സംഘം രക്ഷപ്പെട്ടിരുന്നു. രാജാക്കാട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മോഷ്ടാക്കൾ എത്തിയെന്ന് കരുതപ്പെടുന്ന ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഴൂർ ചാമംപതാൽ സ്വദേശി ആഷിക് മുഹമ്മദിന്റെ പേരിലുള്ളതാണ് ബൈക്ക്. തന്റെ ബന്ധുവായ അൽത്താഫ് കഴിഞ്ഞദിവസം ബൈക്ക് വാങ്ങിക്കൊണ്ട് പോയെന്നാണ് ആഷിക് പൊലീസിന് നൽകിയ മൊഴി. പ്രതികളെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.