തിരുവനന്തപുരം ചെങ്കലില്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുളത്തില്‍ കക്കൂസ് മാലിന്യം തള്ളിയവര്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ കുളത്തിലാണ് രാത്രിയുടെ മറവില്‍ മാലിന്യം തള്ളിയത്. ഇതിന് മുന്‍പും പലതവണ മാലിന്യം തള്ളിയിട്ടുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.
21 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ് ചെങ്കല്‍ പഞ്ചായത്തിലെ വലിയകുളം. പലയിടങ്ങളിലേക്കുമുള്ള കുടിവെള്ള പദ്ധതിക്കായി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇന്നലെ രാത്രി മാലിന്യം ടാങ്കര്‍ ലോറിയിലെത്തിച്ച ശേഷം പൈപ്പ് വഴി പമ്പ് ചെയ്ത് കുളത്തിലേക്ക് തള്ളുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മൂന്ന് പേര്‍ ടാങ്കര്‍ ലോറിയുമായി കടന്നുകളയാന്‍ ശ്രമിച്ചു. ഇവരെപൊലീസും നാട്ടുകാരും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പാലക്കാട് നെന്‍മാറ സ്വദേശി കൃഷ്ണന്‍കുട്ടി, ആലപ്പുഴ കാര്‍ത്തികപള്ളി സ്വദേശി ശ്രീജിത്ത്, ചെങ്കല്‍ സ്വദേശി ഗണേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളില്‍ നിന്നെടുക്കുന്ന മാലിന്യമാണ് ഇവിടെ രാത്രിയുടെ മറവില്‍ കൊണ്ട് തള്ളുന്നത്. ഇങ്ങിനെ പലതവണ ചെയ്തിട്ടുണ്ടെന്നാണ് ഇവരുടെ മൊഴി. ഇതോടെ കുളത്തിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. ഗാന്ധിമിത്ര മണ്ഡലത്തിന്‍റെ നേതൃത്വത്തിലാണ് കുളം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.