കണ്ണൂർ പായം സ്വദേശിയായ സ്നേഹയുടെ മരണത്തില്‍ പ്രതികരിച്ച് അമ്മ. സ്നേഹയെ ഭര്‍തൃവീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ രമ മനോരമ ന്യൂസിനോട് പറഞ്ഞു. ഗര്‍ഭിണിയായിരുന്നപ്പോള്‍ സ്നേഹയെ ഭര്‍ത്താവ് ജിനീഷ് വയറ്റില്‍ ചവിട്ടി. അങ്ങനെ ഗര്‍ഭം അലസിയിട്ടുണ്ട്. ജിനീഷിന്‍റെ  അച്ഛനും അമ്മയും നോക്കി നില്‍ക്കെയാണ് ജിനീഷ് സ്നേഹയുടെ വയറ്റില്‍ ചവിട്ടിയത്. സ്വര്‍ണം കുറഞ്ഞുപോയി എന്നുപറഞ്ഞ് ഉപദ്രവിച്ചു. രാത്രി പലതവണ വീട്ടില്‍നിന്നും ഇറക്കിവിട്ടിട്ടുണ്ടെന്നും രമ ആരോപിക്കുന്നു. 

ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് അമ്പലത്തില്‍ കൊണ്ടുപോയി പലതും ചെയ്തു. ജിനീഷ് ഫോണ്‍ വിളിച്ച് വച്ചശേഷമാണ് സ്നേഹ ജീവനൊടുക്കിയതെന്നും രമ പറയുന്നു. ജിനീഷിനും അമ്മയ്ക്കും അച്ഛനും പരമാവധി ശിക്ഷ കൊടുക്കണമെന്നാണ് സ്നേഹയുടെ കുടുംബം ആവശ്യപ്പെടുന്നത്.

2020 ജനുവരിയിലായിരുന്നു സ്‌നേഹയുടെയും ജിനീഷിന്‍റെയും വിവാഹം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്നേഹയും ജിനീഷും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. സ്ത്രീധനത്തിന്‍റെ പേരില്‍ സ്നേഹയെ ജിനീഷ് ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ കുഞ്ഞിന്‍റെ പേരിലും ജിനീഷിന് സംശയങ്ങളുണ്ടായിരുന്നു. കുഞ്ഞ് തന്‍റേതല്ലെന്ന് ജിനീഷ് പറഞ്ഞിട്ടുണ്ട്.

‘ഞാൻ കറുത്തതാണ്, കുഞ്ഞ് വെളുത്തതും. അതുകൊണ്ട് ഈ കുഞ്ഞ് എന്‍റേതല്ല’ എന്നുപറഞ്ഞ് ജിനീഷ് സ്നേഹയെ ഉപദ്രവിച്ചു. ഈ മാസം പതിനഞ്ചിന് ഇതിനെച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് സ്‌നേഹയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനു മുന്‍പും സ്നേഹയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. സംഭവദിവസം ജിനീഷ് സ്‌നേഹയെ വിളിച്ചിരുന്നു. അതിനുശേഷം സ്നേഹ മുറിയിൽക്കയറി വാതിലടച്ചു. വൈകിട്ട് ആറരയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

ജിനീഷിന്‍റെ ഫോണ്‍കോള്‍ വന്നതിനുശേഷം സ്നേഹ പൊട്ടിക്കരയുന്നത് വീട്ടിലുള്ളവർ കണ്ടതായി മൊഴിയുണ്ട്. സംശയരോഗമായിരുന്നു ജിനീഷിനെന്ന് സ്നേഹയുടെ അമ്മാവനും പറഞ്ഞു. ഭർതൃപീഡനമാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. ജിനീഷിന്‍റെയും  കുടുംബത്തിന്‍റെയും പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന് എഴുതിവച്ചാണ് സ്നേഹ ജീവനൊടുക്കിയത്. ലോറി ഡ്രൈവറാണ് ജിനീഷ്. ഇവരുടെ കുഞ്ഞിന് മൂന്ന് വയസ്സാണ് പ്രായം. 

ENGLISH SUMMARY:

Mother of Sneha has accused her daughter’s husband and in-laws of causing her death. According to Sneha's mother, her son-in-law, Jineesh kicked Sneha in the abdomen while she was pregnant, causing her pregnancy to suffer. Jineesh’s parents were present when the incident occurred, and Jineesh demanded dowry and allegedly harassed her.