കണ്ണൂർ പായം സ്വദേശിയായ സ്നേഹയുടെ ആത്മഹത്യ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം കാരണമെന്ന് പരാതി. ആരോപണം ശരിവെച്ച് സ്നേഹയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിൻറെ നിറം തന്റേതു പോലെയല്ല എന്ന് പറഞ്ഞുമാണ് സ്നേഹ ഭർത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
24 കാരിയായ സ്നേഹ സ്വന്തം വീട്ടിൽ ഇന്നലെയാണ് തൂങ്ങിമരിച്ചത്. മരണത്തിനു മുൻപ് ഭർത്താവ് ഫോണിൽ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനുശേഷം സ്നേഹ പൊട്ടിക്കരയുന്നത് വീട്ടിലുള്ളവർ കണ്ടതായി മൊഴിയുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡനം തുടങ്ങിയിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. പലതവണ പൊലീസിൽ പരാതിപ്പെട്ടപ്പോഴും ഒത്തുതീർപ്പാക്കപ്പെട്ടു. എന്നാൽ പീഡനങ്ങൾ അവസാനിച്ചില്ലെന്ന് ബന്ധുക്കൾ . സംശയരോഗം ആയിരുന്നു ഭർത്താവിനെന്ന് യുവതിയുടെ അമ്മാവൻ പറഞ്ഞു.
ലോറി ഡ്രൈവർ ആണ് ഭർത്താവ് ജിനീഷ്. കുഞ്ഞിന് മൂന്ന് വയസ്സാണ് പ്രായം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.