afan
  • ബന്ധുക്കളടക്കം 15 പേരില്‍ നിന്ന് കടം വാങ്ങി
  • ഫര്‍സാനയെ കൊന്നത് നാലരപ്പവന്‍ സ്വര്‍ണം തിരികെ ചോദിച്ചതിന്
  • കുറ്റപത്രം അടുത്തമാസം സമര്‍പ്പിക്കും

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് ഉറപ്പിച്ച് പൊലീസ്. കേസില്‍ പൊലീസിന്‍റെ അന്വേഷണം പൂര്‍ത്തിയായി. കേസിലെ ഏകപ്രതിയായ അഫാന്‍റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായതിന് പിന്നാലെ കുറ്റപത്രം തയ്യാറാക്കല്‍ നടപടികളിലേക്ക് പൊലീസ് കടന്നു. അടുത്തമാസത്തോടെ കുറ്റപത്രം സമര്‍പ്പിക്കും. 

അമ്മയും വല്ല്യമ്മയും സഹോദരനും ബന്ധുക്കളും കാമുകിയുമടക്കം ആറ് പേരെയാണ് അഫാന്‍ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയത്. കടം വീട്ടാന്‍ സഹായിക്കാതിരുന്നതോടെയാണ് വല്ല്യമ്മ, പിതൃസഹോദരന്‍, ഭാര്യ എന്നിവരെ കൊന്നതെന്നും പണയംവച്ച സ്വര്‍ണം തിരികെ ചോദിച്ചതിന്‍റെ വൈരാഗ്യത്തിലാണ് കാമുകിയെ കൊന്നതെന്നും പൊലീസ് പറയുന്നു. പതിനഞ്ചുപേരില്‍ നിന്നായാണ് കുടുംബം പണം കടം വാങ്ങിയിരുന്നത്. 

കടബാധ്യതയാണ് കൊലയ്ക്ക് കാരണമെന്ന അഫാന്‍റെ വാദം പിതാവ് നിഷേധിച്ചിരുന്നുവെങ്കിലും കുതിച്ചുയര്‍ന്ന കടവും കടക്കാര്‍ പണം തിരികെ ചോദിച്ചതിലെ ദേഷ്യവുമാണ് കൊലയുടെ കാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. ബന്ധുക്കളില്‍ നിന്നായി 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഹൗസിങ് ലോണും മൂന്ന് ലക്ഷം രൂപയുടെ പഴ്സനല്‍ ലോണും ഒന്നര ലക്ഷത്തിന്‍റെ ബൈക്ക് ലോണും 10 ലക്ഷത്തിന്‍റെ പണയം എന്നിങ്ങനെയായിരുന്നു കടം. 

അഫാന്‍ ഏക പ്രതിയായ കേസില്‍ അമ്മ ഷെമീനയെ മുഖ്യസാക്ഷിയാക്കും. കൊലയുടെ കാരണം കൂടാതെ സമയക്രമവും പൊലീസ് ഉറപ്പിച്ചു. ഫെബ്രുവരി 24ന് രാവിലെ 10.30ന് അമ്മയെ ആക്രമിച്ചു, 11.30ന് വല്യമ്മയേയും ഒന്നരയ്ക്കും രണ്ടിനുമിടയില്‍ പിതൃസഹോദരനേയും ഭാര്യയേയും കൊന്നു. പിന്നീട് ബാറില്‍ പോയി മദ്യപിച്ച ശേഷം വൈകിട്ട് 4.15 ഓടെ ഫര്‍സാനയേയും നാലേമുക്കാലോടെ അനിയനേയും ആക്രമിച്ചെന്നാണ് കണ്ടെത്തല്‍.

ENGLISH SUMMARY:

Police confirm debt as the motive behind the Venjaramoodu mass murder. Afan, the sole accused, allegedly killed six family members over ₹48 lakh liabilities. Charge sheet preparation underway.