കൊച്ചിയില്‍ മാരകലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപുമായി പത്തൊന്‍പതുകാരായ രണ്ടുപേര്‍ അറസ്റ്റില്‍. അറുപതിലേറെ സ്റ്റാംപിന് പുറമെ ഹാഷിഷ് ഓയിലും പിടികൂടി. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഡാന്‍സാഫ് സംഘവും പനങ്ങാട്, എളമക്കര പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ചെറുപ്രായത്തില്‍ തന്നെ ലഹരിവിതരണം ഏറ്റെടുത്ത യുവാക്കള്‍ കുടുങ്ങിയത്. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി വൈഷ്ണവ്, എളമക്കര സ്വദേശി അതുല്‍ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. രാത്രി എട്ട് എല്‍എസ്ഡി സ്റ്റാപുകള്‍ കൈമാറാന്‍ കാത്തുനില്‍ക്കുന്നതിനിടെ വൈഷ്ണവാണ് ആദ്യം പിടിയിലാകുന്നത്. ഡാന്‍സാഫ് സംഘം വൈഷ്ണവിന്റെ കയ്യില്‍ നിന്ന് എട്ട് സ്റ്റാംപുകള്‍ കണ്ടെത്തി. ലഹരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് എളമക്കര സ്വദേശി അതുല്‍ കൃഷ്ണയില്‍. അതുലാണ് കഴിഞ്ഞദിവസം ലഹരിമരുന്ന് തന്നതെന്ന് വൈഷ്ണവ് പനങ്ങാട് പൊലീസിന് മൊഴി നല്കി. അതുലിനെ കുറിച്ചുള്ള വിവരം ഇതോടെ എളമക്കര പൊലീസിന് കൈമാറി. എളമക്കരയിലെ അതുലിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ എല്‍എസ്ഡി സ്റ്റാംപും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. പതിനാറ് എല്‍എസ്ഡി സ്റ്റാംപിന് പുറമെ അന്‍പതിലേറെ സ്റ്റാംപ് പേപ്പറും എട്ട് ഗ്രാം ഹാഷിഷ് ഓയിലുമാണ് ചെറിയ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.
ഹൈസ്കൂള്‍ കാലഘട്ടം മുതല്‍ ഇരുവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് മൊഴി. ഐടിഐ പഠനം പൂര്‍ത്തിയാക്കിയ ശേഷം ലഹരികച്ചവടം ഏറ്റെടുത്തു. കൊച്ചി സ്വദേശിയില്‍ നിന്ന് അതുലാണ് സ്റ്റാംപ് വാങ്ങുന്നത്. ഇത് പിന്നീട് വൈഷ്ണവ് അടക്കമുള്ളവര്‍ക്ക് വീതിച്ച് നല്‍കും. ഒരു സ്റ്റാംപിന് 1500 രൂപ വരെ ഈടാക്കിയാണ് വില്പന. വാട്സാപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ടാണ് ലഹരിയിടപാടുകള്‍ നടത്തുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. മറ്റ് ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസും ഡാന്‍സാഫും.