എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വച്ച് തനിക്കേല്‍ക്കേണ്ടി വന്നത് ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് വെളിപ്പെടുത്തി ബെന്‍ജോ. വീടിനടുത്ത് വച്ച് നടന്ന പൊലീസ് അതിക്രമം മൊബൈലില്‍ ചിത്രീകരിച്ചതിനാണ് കള്ളക്കേസെടുത്ത് ദമ്പതിമാരെ പൊലീസ് ഉപദ്രവിച്ചത്. ബെന്‍ജോയുടെ ഭാര്യയെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ മുഖത്തടിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാര്യ ഗര്‍ഭിണിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസുകാര്‍ കേട്ടില്ലെന്നും ബെന്‍ജോ മനോരമന്യൂസിനോട് പറഞ്ഞു.

പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. എന്താണ് കുറ്റമെന്നോ, സംഭവമെന്താണെന്നോ എഫ്ഐആര്‍ ഇട്ടതെവിടെയെന്നോ ഒന്നും പൊലീസുകാര്‍ പറഞ്ഞില്ലെന്ന് ബെന്‍ജോ പറയുന്നു. സംഭവസമയത്ത് നാലുമാസം ഗര്‍ഭിണിയായിരുന്നു ഷൈമോള്‍. 'എന്‍റെ മുന്നിലിട്ടാണ് ഭാര്യയെ തല്ലിയത്. അവള് ഗര്‍ഭിണിയായെണെന്ന് ഞാന്‍ വിളിച്ചു പറഞ്ഞതാണ്. ആരും ഗൗനിച്ചില്ല. അവളെ തല്ലിയത് കണ്ട് ഞാന്‍ കരഞ്ഞു. കരഞ്ഞതിന് പ്രതാപചന്ദ്രന്‍റെ വക ഒരടിയും മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ വക ഒരടിയും എനിക്ക് കിട്ടി. എന്‍റെ കാല് ബൂട്ട് വച്ച് ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. നിന്നിടത്ത് നിന്ന് ഒന്നനങ്ങാന്‍ കഴിഞ്ഞില്ല. തല്ലി ലോക്കപ്പിലേക്ക് കയറ്റി'- ബെന്‍ജോ സ്റ്റേഷനില്‍ നേരിട്ട ദുരനുഭവം ഓര്‍ത്തെടുത്തു. 

കേസുമായി മുന്നോട്ട് പോയതോടെ കടുത്ത സമ്മര്‍ദമാണ് നേരിട്ടതെന്നും ബെന്‍ജോ പറയുന്നു. ' ഇത് വലിയ പ്രശ്നമാകും,നീ പൊലീസുകാരോടാണ് കളിക്കുന്നത്' എന്നെല്ലാം പലരും വന്ന് പറഞ്ഞുവെന്നും അതൊന്നും നോക്കാതെ താന്‍ മുന്നോട്ട് പോകുകയായിരുന്നുവെന്നും ബെന്‍ജോ വെളിപ്പെടുത്തി. അഞ്ചുദിവസമാണ് തന്നെ പിടിച്ച് ജയിലില്‍ ഇട്ടതെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണിയായ എന്‍റെ ഭാര്യ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചുവെന്നായിരുന്നു അവള്‍ക്കെതിരെയുള്ള കുറ്റം. ആ സിസിടിവി ദൃശ്യങ്ങളില്‍ എല്ലാമുണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞതാണ്. അതില്‍ ദൈവത്തിന്‍റെ കയ്യൊപ്പുണ്ടായിരുന്നു. എല്ലാം തെളിഞ്ഞുവെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ബെന്‍ജോ വ്യക്തമാക്കി. 

സംഭവം ഇങ്ങനെ...

2024 ജൂണ്‍ 20നാണ് കേസിന് അടിസ്ഥാനമായ സംഭവം നടന്നത്. വീടിന് സമീപത്തെ വഴിയില്‍ രണ്ട് യുവാക്കളെ പൊലീസ് മര്‍ദിക്കുന്നത് ബെന്‍ജോയുടെ ശ്രദ്ധയില്‍പ്പെട്ടു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ ഇതില്‍ ഇടപെടേണ്ടെന്നായിരുന്നു പൊലീസുകാരുടെ മറുപടി. തിരിച്ചെത്തിയ ബെന്‍ജോ, ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പൊലീസുകാര്‍ കണ്ടു. മഫ്തിയിലെത്തിയ പൊലീസ് ബെന്‍ജോയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ അന്ന് നാലുമാസം ഗര്‍ഭിണിയായിരുന്ന ഷൈമോളും സ്റ്റേഷനിലെത്തി. കാര്യം തിരക്കിയപ്പോഴാണ് ഷൈമോളെ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ നെഞ്ചില്‍ പിടിച്ച് തള്ളിയതും മുഖത്ത് കൈവലിച്ച് ആഞ്ഞടിച്ചതും. ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

ENGLISH SUMMARY:

Benjo, a victim of police brutality at Ernakulam North station, revealed how officers tortured him and his four-month pregnant wife, Shaimol. The incident occurred in June 2024 after Benjo filmed police assaulting youths near his home. CCTV footage recently exposed SHO Pratapachandran slapping Shaimol, despite being informed of her pregnancy. Benjo was jailed for five days on false charges of 'attacking the station'. He described the CCTV evidence as 'God's signature' and vowed to continue his legal battle against the officers.