കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മദ്യപിച്ച ശേഷം സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് ഫൈജാസ് എന്ന് നാട്ടുകാർ പറയുന്നു. ആയുധം ഉയർത്തിയുള്ള ഭീഷണിയും സ്ഥിരമാക്കിയതോടെ നാട്ടുകാർ തന്നെ പൊലീസിൽ പരാതി നൽകി. അങ്ങനെയാണ് ഇന്നലെ രാത്രി ഫൈജാസിനെ വെളളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 5 30 വരെ വീടിനു മുന്നിൽ പൊലീസ് കാവൽ ഉണ്ടായിരുന്നു. അതിന് ശേഷമാണ് വീടിന് തീപിടിച്ചത്
വീടിന് തീപിടിച്ചതാണോ ഫൈജാസിനോടുള്ള പക കാരണം ആരെങ്കിലും തീയിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെള്ളയിൽ മീൻ മാർക്കറ്റിന് സമീപമുള്ള വീട്ടിൽ ഫൈജാസ് ഒറ്റയ്ക്കായിരുന്നു താമസം. അതിനാൽ ആളപായവും ഉണ്ടായില്ല. വീടിന്‍റെ മേൽകൂരയും ഫർണിച്ചറുമടക്കം അഗ്നിക്ക് ഇരയായി