ഒറ്റ വോട്ടിന് തോറ്റെങ്കിലും കോഴിക്കോട് അത്തോളി 12-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷജിത ബൈജുവിന് പരാതിയില്ല. വയനാട്ടില്‍ സ്വന്തമായുണ്ടായിരുന്ന ഭൂമി പ്രളയബാധിതര്‍ക്ക് സൗജന്യമായി വിട്ടുകൊടുത്ത ഷജിതയ്ക്ക് മറ്റുള്ളവരെ സേവിക്കാനുള്ള മാര്‍ഗം മാത്രമാണ് രാഷ്ട്രീയം.
അത്തോളി പഞ്ചായത്തിലേക്കുള്ള കന്നിയങ്കമായിരുന്നു ഷജിതയുടേത്. ഒരു വോട്ടിന് തോറ്റെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരിച്ചറിഞ്ഞ പലപ്രശ്നങ്ങള്‍ക്കും എങ്ങനെ പരിഹാരം കണ്ടെത്താനാവുമെന്ന ചിന്തയിലാണ് ഷജിതയിപ്പോള്‍. ഹരിതകര്‍മ സേനാംഗമായ ഷജിത സിപിഐയുടെ സജീവ പ്രവര്‍ത്തകയാണ്.
നഷ്ടമായ ഒരു വോട്ട് ആരുടേതാണെന്ന് പാര്‍ട്ടി കണ്ടെത്തിയുണ്ടെങ്കിലും ഷജിതയ്ക്ക് പരാതിയില്ല. ജനങ്ങളെ കൂടുതല്‍ സേവിക്കാനുള്ള ഒരു വഴി മാത്രമാണ് രാഷ്ട്രീയം. 2018 ലെ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് വയനാട്ടില്‍ സ്വന്തമായിയുണ്ടായിരുന്ന നാല് സെന്‍റ് സ്ഥലം വിട്ടുനല്‍കിയ ഷജിതയ്ക്ക് മറിച്ച് എങ്ങനെ ചിന്തിക്കാനാവും. അത്തോളിയില്‍ കുടുംബസ്വത്തയായി ലഭിച്ച മൂന്നുസെന്‍റിലെ പണിതീരാത്ത വീട്ടിലാണ് ഷജിതയുടെയും കുടുംബത്തിന്‍റെയും താമസം.