ബെംഗളൂരുവില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിക്ക് കാമുകിയായ ഹോം ഗാര്‍ഡിന്റെ സഹായം. ബി.ടിഎം ലേഔട്ടില്‍ കഴിഞ്ഞ ആറിന് അര്‍ധരാത്രി നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെയാണ് കാമുകി ഒളിപ്പിച്ചത്. കോഴിക്കോട് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഈ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏപ്രില്‍ ആറിന് ബി.ടി.എം. ലേഔട്ടില്‍ നടന്നതാണിത്. അര്‍ധരാത്രി താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതികളിലൊരാളെ ഓടിയെത്തിയ ആള് ആക്രമിക്കുന്നു. ബഹളം വച്ചതോടെ അക്രമി പിന്തിരിഞ്ഞോടി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനു പിറകെ പ്രത്യേക സംഘം രൂപീകരിച്ചു പൊലീസ് തിരച്ചില്‍ തുടങ്ങി. പത്തുദിവസത്തിനു ശേഷം ഞയറാഴ്ചയാണ് അക്രമി തിലക് നഗര്‍ സ്വദേശി സന്തോഷ് ഡാനിയലിനെ കോഴിക്കോട് വച്ചു പൊലീസ് പിടികൂടിയത്.
മൂന്നുസംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞ സന്തോഷിനെ കണ്ടെത്താന്‍ കഴിയാത്തതു പൊലീസിനു നാണക്കേടായിരുന്നു. അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ പ്രതി അറിയുന്നുണ്ടായിരുന്നുവെന്നു പൊലീസുകാര്‍ മനസിലാക്കിയത് സന്തോഷിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ്. ബലന്ദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹോം ഗാര്‍ഡായ പെണ്കൂട്ടുകാരിക്കൊപ്പമായിരുന്നു സന്തോഷിന്റെ ഒളിവ് ജീവിതം.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ സന്തോഷിനെ തിരിച്ചറിഞ്ഞ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്കി. പകരം സ്വന്തം പേരില്‍ പുതിയ സിംകാര്‍ഡ് എടുത്തുനല്‍കി. ഒളിവില്‍പോകാന്‍ പതിനായിരം രൂപയും നല്കി. യുവതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അറസ്റ്റുണ്ടാകുമെന്നാണു അന്വേഷണ സംഘം പറയുന്നത്.