shibila-murder-kozhikode

കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിറാണ് ഭാര്യയേയും ഭാര്യമാതാവിനെയും ഭാര്യ പിതാവിനെയും വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഷിബിലയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ പിതാവ് അബദുറഹ്‌മാന്‍ മെഡിക്കൽ കോളജിലും, ഭാര്യാമാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണ്.

യാസിർ കാറിലെത്തി അക്രമിച്ച ശേഷം അതേ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഒളിവിലുള്ള പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതി ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അമ്മയെ വെട്ടിക്കൊന്ന ലഹരിക്കടിമയായ ആഷിഖിന്റെ സുഹൃത്താണ് യാസിര്‍. മുന്നുവയസുകാരി മകളുടെ മുന്നില്‍വച്ചാണ് യാസിര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏറെക്കാലമായി കുടുംബവുമായി പ്രശ്നത്തിലായിരുന്നു യാസിര്‍. ഭര്‍ത്താവിനെതിരെ ഷിബില കഴിഞ്ഞ മാസം 28ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം പണയംവച്ചും പണം പലിശയ്‌ക്കെടുത്തും ധൂര്‍ത്തടിച്ചെന്നും പരാതിയിലുണ്ട്. തന്നെയും മകളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. ഷിബിലി വസ്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യാസിർ ഷിബിലിയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ഇത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു.

അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ബന്ധു ആരോപിച്ചു. യാസിറില്‍നിന്ന് ഭീഷണി ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ഒരിക്കൽ സ്റ്റേഷനിൽ വിളിച്ച് താക്കീത് നൽകി വിട്ടയക്കുകയാണ് ചെയ്തതെന്നും ബന്ധുവായ മജീദ് പറയുന്നു. 2020ലായിരുന്നു ഇരുവരുടേയും വിവാഹം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, നടപടി സ്വീകരിക്കണമെന്നും കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

In a horrifying incident in Thamarassery, Kozhikode, a man brutally killed his wife and injured her parents following a family dispute. The accused, Yasir from Engapuzha Kakad, attacked his wife Shibila, her father Abdurahman, and her mother Haseena with a sharp weapon.