രണ്ടാം വിവാഹം എതിര്‍ത്തതിന് മകനെ വെടിവച്ച് കൊന്ന് 76കാരനായ പിതാവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ജസ്ദൻ സ്വദേശിയായ റാംഭായ് എന്ന രാംകുഭായ് ബോറിച്ചയാണ് 52 കാരനായ മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ച് കൊന്നത്.
രണ്ടാമതൊരു വിവാഹം കൂടി കഴിക്കാന്‍ 76കാരനായ പിതാവ് തീരുമാനിച്ചിരുന്നു. എന്നാല്‍ മകന്‍ വിവാഹത്തെ എതിര്‍ത്തു. ഇതേ ചൊല്ലി ഞായറാഴ്ച രാവിലെ 10 മണിയോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രകോപിതനായ പിതാവ് ഉടൻ തോക്കെടുത്ത് മകനെ വെടിവയ്ക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പ്രതാപിന്‍റെ നിലവിളി കേട്ട് ഭാര്യ ജയ സംഭവസ്ഥലത്തേയ്ക്ക് ഓടി എത്തി. ജയക്ക് നേരെയും റാംഭായ് തോക്കു ചൂണ്ടിയെങ്കിലും ജയ ഓടി രക്ഷപ്പെടുകയായിരുന്നു.
മകനെ കൊലപ്പെടുത്തിയ ശേഷവും പിതാവ് ആ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മകന്‍ മരിച്ചു കിടക്കുന്നതിന്‍റെ തൊട്ടടുത്ത് കസേരയിൽ യാതൊരു കൂസലുമില്ലാതെ ഇരുന്നെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പ്രതാപിന്‍റെ ഭാര്യ ജയയാണ് ഭര്‍ത്യപിതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
20 വര്‍ഷം മുന്‍പാണ് റാംഭായിയുടെ ഭാര്യ മരണപ്പെട്ടത്. മറ്റൊരു വിവാഹം കൂടി കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് നിരന്തരം കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്‍റെ സൽപ്പേരിന് കോട്ടം തട്ടുമെന്ന് ഭയന്ന് മകനും മറ്റ് കുടുംബാംഗങ്ങളും രണ്ടാം വിവാഹത്തെ ശക്തമായി എതിർത്തു.ഭൂമി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് അധികൃതര്‍ ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം കൂടി കഴിക്കണമെന്ന് റാംഭായിയുടെ ആഗ്രഹമാണ് സംഘർഷത്തിന് കാരണമെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. മകനെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് റാംഭായി മുമ്പ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.