അയല്‍പക്കത്തുള്ള വീട്ടില്‍ പോയി എന്ന കാരണത്തിന് സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. കുട്ടിയുടെ മൃതദേഹം ഇയാള്‍ പല കഷ്ണങ്ങളായി വെട്ടിനുറുക്കി. സംഭവത്തില്‍ മോഹിത് മിശ്ര (40) അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ സിതാപുരിലാണ് സംഭവം. താനുമായി തര്‍ക്കത്തിലായിരുന്ന അയല്‍ വീട്ടില്‍ കുട്ടി പോയതാണ് കൊലയ്ക്ക് കാരണമെന്ന് മോഹിത് പൊലീസിന് മൊഴി നല്‍കി.
മോഹിത് മിശ്രയുടെ മകള്‍ അഞ്ചുവയസ്സുകാരി തനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 25ന് കുട്ടിയെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. മോഹിത് തന്നെയാണ് പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യത്തെ ദിവസം നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ ശരീരഭാഗം ലഭിച്ചു. പിറ്റേദിവസം വിശദമായി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെടുത്തു. കൊലപാതകമാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചു എന്നാണ് എ.എസ്.പി പ്രവീണ്‍ രഞ്ജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കുട്ടിയുടെ മാതാപിതാക്കളെയടക്കം തുടര്‍ച്ചയായി പല തവണ ചോദ്യം ചെയ്തതിലൂടെയാണ് കുറ്റകൃത്യം തെളിഞ്ഞത്. പക്ഷേ ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവിനെ കാണാതായി. മൊബൈല്‍ ഫോണ്‍ ഭാര്യയെ ഏല്‍പ്പിച്ചാണ് മോഹിത് അപ്രത്യക്ഷനായത്. ഇതോടെ സംശയമുന ഇയാളിലേക്ക് നീണ്ടു. മോഹിതിനെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ നടത്തിയ ചേദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മകളെ കൊന്ന് മതൃദേഹം മറവുചെയ്തു എന്നാണ് മോഹിത് പൊലീസിനോട് പറഞ്ഞത്.
അയല്‍വാസിയായ രാമുവുമായി മോഹിതിന് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആദ്യം രാമുവും തന്‍റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും രണ്ടുപേരുടെയും വീടുകളില്‍ പോക്കുവരവുമുണ്ടായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി ചില പ്രശ്നങ്ങളുണ്ടായി. പരസ്പരം മിണ്ടാതെയായി. മകളോട് അവരുടെ വീട്ടില്‍ പോകരുതെന്ന് പലവട്ടം പറഞ്ഞതാണ്. പക്ഷേ അവള്‍ അവിടെ പോയിരുന്ന് കളിക്കുന്നത് പതിവായി എന്നാണ് മോഹിത് പറയുന്നത്.
സംഭവദിവസം രാമുവിന്‍റെ വീട്ടില്‍ നിന്ന് മകള്‍ വരുന്നത് കണ്ടപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നി. മകളെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മകളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് ശ്വാസം മുട്ടിച്ചത്. പിന്നീട് കടുക് പാടത്തേക്ക് കുഞ്ഞിന്‍റെ മൃതദേഹം വലിച്ചെറിഞ്ഞു എന്നാണ് മോഹിത് പറഞ്ഞിരിക്കുന്നത്. നൂറു കണക്കിന് ആളുകളെ ചോദ്യം ചെയ്തതിനു ശേഷമാണ് പൊലീസ് മോഹിതാണ് പ്രതിയെന്ന് ഉറപ്പിച്ചത്.