ആശുപത്രി കിടക്കയിലിരുന്നാണ് പൊലീസ് അഫാനെ ചോദ്യം ചെയ്യുന്നത്. ഭാവഭേദമൊന്നുമില്ലാതെ, പൊലീസുകാരുടെ മുഖത്ത് നോക്കാതെ അഫാന്‍ കൂട്ടക്കൊല വിശദീകരിക്കുന്നു. ചോദ്യങ്ങളോട് സഹകരിക്കാതിരിക്കുന്നില്ല. ചിലപ്പോള്‍ കുറച്ച് നേരം മിണ്ടാതിരിക്കും. പിന്നീട് ഉത്തരം പറയും.
ഉറ്റവരെ കൊന്നുതള്ളുന്നതിനിടെയൊന്നും ഒരു തുള്ളി കണ്ണീര്‍ അഫാന്‍ പൊഴിച്ചില്ല. കുടുംബത്തിന്‍റെ കടബാധ്യതയാണ് അഫാന്‍ പ്രധാനമായും പറയുന്നത്. പക്ഷെ ഓരോരുത്തരെയും കൊല്ലാന്‍ ഓരോ കാരണങ്ങളും ന്യായങ്ങളും അഫാന്‍ നിരത്തുന്നുണ്ട്.
ഷെമീന, അമ്മ
കടംപെരുകിയതോടെ കുറ്റപ്പെടുത്തലും പരിഹാസവും കേട്ട് ജീവിക്കാന്‍ അമ്മ ആഗ്രഹിച്ചിരുന്നില്ല.കൂട്ട ആത്മഹത്യയേക്കുറിച്ച് ആലോചിച്ചെങ്കിലും അമ്മയ്ക്ക് ധൈര്യം വന്നില്ല. മറ്റ് വഴികളില്ലാത്തതിനാല്‍ ആക്രമിച്ചു. ഷെമീന മരിച്ചെന്നാണ് അഫാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്.
അഫ്സാന്‍, സഹോദരന്‍
അമ്മയും താനും മരിച്ചാല്‍ സഹോദരന് ആരുമുണ്ടാവില്ല. ഞങ്ങളില്ലാതെ അവന് ജീവിക്കാനാവില്ലാത്തതിനാല്‍ അഫ്സാന്‍റെയും ജീവനെടുത്തു.
സല്‍മാ ബീവി, വല്ല്യമ്മ
കടത്തിനും പിതാവ് വിദേശത്ത് കുടുങ്ങാനും കാരണം അമ്മയാണെന്ന് വല്ല്യമ്മ സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തി. പണയംവെക്കാന്‍ സ്വര്‍ണം ചോദിച്ചിട്ട് തരാതിരുന്നതും കൊലയ്ക്ക് കാരണമായി.
ലത്തീഫ്, പിതൃസഹോദരന്‍
പണം തന്ന് സഹായിക്കാത്തതും കടംകയറി നില്‍ക്കുമ്പോള്‍ വിവാഹത്തേക്കുറിച്ച് ആലോചിക്കുന്നതിനെ പരിഹസിച്ചതും ലത്തീഫിനോടുള്ള വൈരാഗ്യമായി. കടം തന്ന പണം ചോദിച്ച് കൊലപാതകദിവസം ഉള്‍പ്പടെ നിരന്തരം ഫോണ്‍ വിളിച്ചതും ശത്രുതകൂട്ടി.
സാജിതാ ബീഗം, പിതൃസഹോദര ഭാര്യ
ലത്തീഫിന്‍റെ ഭാര്യ സാജിത പട്ടികയിലുണ്ടായിരുന്നില്ല. പക്ഷെ ലത്തീഫിന് ശേഷം രണ്ട് പേരേക്കൂടി കൊല്ലാനുണ്ടായിരുന്നു. സാജിതയെ വെറുതേവിട്ടാല്‍ കൊലപാതകവിവരം പുറത്തറിയുമെന്നതിനാലാണ് കൊന്നതെന്നും മൊഴി.
ഫര്‍സാന, സുഹൃത്ത്
വീട്ടുകാരറിയാതെ മാല പണയം വെച്ചടക്കം ഫര്‍സാന സഹായിച്ചിട്ടുണ്ട്. തന്‍റെ മരണശേഷം എല്ലാവരും ഫര്‍സാനയെ കുറ്റപ്പെടുത്തുമെന്നതിനാല്‍ കൂട്ടുകാരിയുടെ ജീവനെടുത്തു. വീട്ടിലെത്തിച്ച ഫര്‍സാനയോട് കൂട്ടക്കൊല വെളിപ്പെടുത്തി. ഇങ്ങിനെ ചെയ്താല്‍ നമ്മള്‍ ഇനി എങ്ങിനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചു. തൊട്ടുപിന്നാലെ തലക്കടിച്ചെന്നുമാണ് വിശദീകരിക്കുന്നത്.
വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കാനായിരുന്നു പദ്ധതിയെന്നാണ് അഫാന്‍ പറയുന്നത്. പക്ഷെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കഴിച്ചതോടെ ക്ഷീണം തോന്നി. അതിനാലാണ് തൂങ്ങാന്‍ ശ്രമിക്കാതെ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയതെന്നും ഭാവവ്യത്യാസമില്ലാതെ അഫാന്‍ പറയുന്നു.