students-attack

റഷ്യയിലെ ബഷ്കോർട്ടോസ്താൻ റിപ്പബ്ലിക്കിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്കേറ്റു. ശനിയാഴ്ച യൂണിവേഴ്സിറ്റിയിലെ സ്പോർട്സ് ഹാളിനുള്ളിലായിരുന്നു സംഭവം. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, 15 വയസ്സുകാരനായ അക്രമി കത്തി വീശി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറുകയും അവിടെയുള്ള വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസുകാരെയും കുത്തി പരുക്കേൽപ്പിച്ചു. തുടർന്ന് പ്രതി സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. നിലവിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവം നിർഭാഗ്യകരമാണെന്ന് പറഞ്ഞ മോസ്കോയിലെ ഇന്ത്യൻ എംബസി, പരുക്കേറ്റ വിദ്യാർഥികളെ സഹായിക്കുന്നതിനായി കസാനിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിക്കുമെന്ന് അറിയിച്ചു. നിലവിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ആക്രമണ സമയത്ത് ഹോസ്റ്റലിൽ വലിയ പരിഭ്രാന്തി പടർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, പ്രതി നിരോധിത നവ -നാസി സംഘടനയിൽപ്പെട്ടയാളാണെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമി ദേശീയവാദി മുദ്രാവാക്യങ്ങൾ വിളിച്ചതായും സംഭവസ്ഥലത്ത് നാസി ചിഹ്നങ്ങൾ വരച്ചതായും റിപ്പോർട്ടുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Indian students were injured in a stabbing incident at a state medical university hostel in Russia's Bashkortostan Republic. The attack, which occurred in the university's sports hall, also resulted in injuries to two police officers who attempted to apprehend the assailant.