TOPICS COVERED

വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ എത്തിയ അഫാൻ പറഞ്ഞത് കൂട്ടക്കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ചെന്നാണ്. തുടർന്ന് പൊലീസുകാർ അഫാനുമായി മെഡിക്കൽ കോളജിലേയ്ക്ക് പാഞ്ഞെത്തി. കുഴിമന്തിയും പെപ്സി കലർത്തി  മദ്യവും ഇതിൽ ചേർത്ത് എലിവിഷവും  കഴിച്ചെന്ന് ഡോക്ടർമാരോടും പറഞ്ഞു. ഇതോടെ എലിവിഷം കഴിച്ചെത്തുന്നവർക്കുള്ള ചികിൽസ തുടങ്ങി. 

അഫാന് പുറമേക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. എന്നിട്ടും 72 മണിക്കൂർ നിരീക്ഷണം ഡോക്ടർമാർ നിർദേശിച്ചു. എന്തിനാണീ 72 മണിക്കൂർ ? 

സാധാരണ ഗതിയിൽ സിങ്ക്ഫോസ്ഫൈഡ് അടങ്ങുന്നതാണ് എലിവിഷം.  അത് കരളിന്റെ പ്രവർത്തനം താറുമാറാക്കാം.  രക്തം കട്ടപിടിക്കാതെ എലികളുടെ ശരീരത്തിൽ ബ്ലീഡിങ് ഉണ്ടാക്കി എലികളെ കൊല്ലുന്നതുപോലെയുള്ള വിഷങ്ങളും ഉണ്ട്.

‘ജൈവ സ്വഭാവമുള്ളതോ കൊഴുപ്പിൽ അടിഞ്ഞുകൂടുന്നതോ ആയ വിഷവസ്തുക്കൾ  മനുഷ്യ ശരീരത്തിലെ കൊഴുപ്പിൽ കലരുകയും പിന്നീട് സാവധാനം  രക്തത്തിലേക്ക് തിരിച്ചെത്താനും ശരീരം മുഴുവൻ വ്യാപിക്കാനും സാധ്യതയുണ്ട്. ഇവയിൽ പലതും കരൾ , ശ്വാസകോശം , വൃക്കകൾ എന്നിവയെ മാരകമായി ബാധിക്കും.  ആദ്യ മണിക്കൂറുകളിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് 72 മണിക്കൂർ വരെ നിരീക്ഷണം ’–ആരോഗ്യ വിദഗ്ധൻ ഡോ ടി എസ് അനീഷ് പറഞ്ഞു. 

ശരീരത്തിലെ വിഷാoശം നിർവീര്യമാക്കുന്ന ജോലിയാണ് കരളിനുള്ളത്. അതു കൊണ്ടു തന്നെ എല്ലാ വിഷാo ശങ്ങളും കരളിനെ ഗുരുതരമായി ബാധിക്കും. അതായത് ശരീരത്തെ രക്ഷിക്കാൻ കരൾ സ്വയം ബലിയാടാകും. 

‘എലിവിഷത്തിന് പ്രത്യേക പ്രതിവിഷമില്ല. എലിവിഷം കഴിച്ചുവെന്ന്  പറയുന്ന രോഗിയെ തുടർച്ചയായി നിരീക്ഷിക്കും. കരളിലെ എൻസൈമുകളുടെ അളവ് ക്രമാതീതമായി ഉയരുന്നുണ്ടോ എന്ന് പരിശോധിക്കും. വൃക്കകളുടേയും കരളിന്റേയും ക്ഷമത തുടർച്ചയായി നിരീക്ഷിക്കും. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിൽസയാണ് നൽകുന്നത്. കഴിച്ച വിഷത്തിന്റെ അളവും രോഗിയുടെ ശാരീരിക പ്രത്യേകതകളും അനുസരിച്ചാണ് വിഷം ഒരാളെ ബാധിക്കുന്നത്’– തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ എ . അൽത്താഫ് പറയുന്നു. 

അഫാൻ ഡോക്ടർമാർക്ക് മുമ്പിൽ കൊടും കുറ്റവാളിയല്ല , രോഗിയാണ് അതുകൊണ്ടാണ് കർശന നിരീക്ഷണം ഉറപ്പാക്കുന്നത്. അതു കൊണ്ടു തന്നെ അഫാന്റെ ആശുപത്രിവാസം നീണ്ടേക്കും. 

ENGLISH SUMMARY:

Afan does not have any major health problems. Still, the doctors prescribed a 72-hour observation. Why 72 hours?