വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച പ്രതി നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. നില ഗുരുതരമായി തുടരുകയാണ്. അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതായാണ് റിപ്പോര്‍ട്ട്. അഫാനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഉണക്കാനിട്ടിരുന്ന മുണ്ടുപയോഗിച്ചായിരുന്നു ജീവനൊടുക്കാന്‍ ശ്രമം. ജയില്‍ ഉദ്യോഗസ്ഥന് ഫോണ്‍ വിളിക്കാന്‍ മാറിയപ്പോളാണ് അഫാന് ആത്മഹത്യായ്ക്ക് ശ്രമിച്ചത്.
ഫെബ്രുവരി 24നായിരുന്നു കേരളത്തെ ഒന്നാകെ നടത്തിയ കൊലപാതക പരമ്പര നടന്നത്. അന്നേദിവസം രാവിലെ പ്രതി അഫാൻ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിലിട്ടടച്ചു. അമ്മ മരിച്ചെന്നായിരുന്നു അഫാന് കരുതിയത്. ശേഷം ബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം കൊലപ്പെടുത്തിയത് സല്‍മാ ബീവിയെയായിരുന്നു.
ആ സമയം സല്‍മാ ബീവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സല്‍മാ ബീവിയുടെ കൈവശമുള്ള സ്വര്‍ണമാല ആവശ്യപ്പെട്ടു. നിഷേധിച്ചതിന് തൊട്ട് പിന്നാലെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തി. കൊല്ലുന്നത് രണ്ടാഴ്ച മുന്‍പ് മുതല്‍, പലതവണയായി സല്‍മാ ബീവിയുടെ രണ്ടര പവന് വരുന്ന സ്വര്‍ണമാല അഫാന് ചോദിച്ചിരുന്നു. പണയം വെക്കാനായിരുന്നു ചോദിച്ചത്. പക്ഷെ നല്‍കിയില്ല. അതിലെ വൈരാഗ്യമാണ് പ്രധാന കാരണങ്ങളിലൊന്ന്. അതുപോലെ തന്നെ അഫാന്റെയും അമ്മയുടെയും ആര്‍ഭാട ജീവിതത്തെയും കടം വാങ്ങിക്കൂട്ടുന്നതിനെയും സല്‍മാബീവി എതിര്‍ത്തിരുന്നു. അഫാന്റെ അമ്മയെ കളിയാക്കുകയും ചെയ്തു. അതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി.
പിന്നാലെ പിതാവിന്റെ സഹോദരന്, സഹോദരന്റെ ഭാര്യ എന്നിവരെയും അഫാന് കൊലപ്പെടുത്തി. പെണ്‍സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ച് ചുറ്റിക ഉപയോഗിച്ച് അടിച്ചാണ് കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ടു ദിവസം മുന്‍പാണ് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. അഫാൻ ആണ് ഏക പ്രതി. അഫാന്റെ പിതാവിന്റെ അമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. സ്വര്‍ണം ചോദിച്ചിട്ട് നല്‍കാതിരുന്നതും അമ്മയെ കളിയാക്കിയതും കൊലയ്ക്ക് കാരണമായെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. മറ്റ് കേസുകളിലും ഉടന്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അഫാന്റെ ആത്മഹത്യാശ്രമം. ആദ്യം കൊലപ്പെടുത്തിയത് സല്‍മാ ബീവിയെ ആയതുകൊണ്ടാണ് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.