വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ അഫാനെതിരെ രണ്ടാം കുറ്റപത്രം. പിതൃസഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പണം കടം നല്‍കാത്തതിന്‍റെയും കടംവാങ്ങിച്ചുള്ള ജീവിതത്തെ കുറ്റപ്പെടുത്തിയതിന്‍റെയും വൈരാഗ്യത്തിലെന്ന് കുറ്റപത്രത്തില്‍ കണ്ടെത്തല്‍. ആത്മഹത്യക്ക് ശ്രമിച്ച അഫാന്‍ മൂന്നാം ദിവസവും അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചത്.
ഉറ്റവരെയെല്ലാം കൊന്നൊടുക്കിയ അഫാന്‍റെ ക്രൂരതയുടെ രണ്ടാം ഇരകളായിരുന്നു പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫും ഭാര്യ സാജിതാ ബീഗവും. ഫെബ്രൂവരി 24ന് അമ്മയെ ആക്രമിച്ച് ക്രൂരതയ്ക്ക് തുടക്കമിട്ട അഫാന്‍ പാങ്ങോട് വീട്ടിലെത്തി വല്ല്യമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് ചുള്ളാളത്തുള്ള ലത്തീഫിന്‍റെ വീട്ടിലെത്തിയത്. അരുംകൊലയ്ക്ക് തയാറെടുത്ത അഫാന്‍ ലത്തീഫിനെ കൊല്ലണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അഫാന്‍റെ കുടുംബത്തിന് ലത്തീഫ് എഴുപത്തയ്യായിരം രൂപ കടം നല്‍കിയിരുന്നു. അത് തിരികെ വേണമെന്ന് ലത്തീഫ് നിരന്തരം ആവശ്യപ്പെട്ടത് വൈരാഗ്യത്തിന്‍റെ കാരണങ്ങളിലൊന്നാണ്. അതുകൂടാതെ പലയിടങ്ങളില്‍ നിന്ന് കടംവാങ്ങിയുള്ള അഫാന്‍റെയും അമ്മയുടെയും ജീവിതത്തെ ലത്തീഫ് കുറ്റപ്പെടുത്തിയിരുന്നു. അഫാന്‍റെ പിതാവ് വിദേശത്തെ കുടുങ്ങാനുള്ള കാരണം അഫാനും അമ്മയുമാണെന്നും കുറ്റപ്പെടുത്തിയതും വൈരാഗ്യം ഇരട്ടിച്ചു.
മറ്റ് ചിലരുടെ കടം വീട്ടാനായി പലപ്പോഴായി പണം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതും അഫാനും കാമുകി ഫര്‍സാനയുമായുള്ള അടുപ്പത്തെ വിമര്‍ശിച്ചതും വൈരാഗ്യത്തിന്‍റെ മറ്റ് കാരണങ്ങളാണെന്നും കുറ്റപത്രം പറയുന്നത്. ഈ വൈരാഗ്യം മനസിലിട്ട് വീട്ടിലെത്തിയ അഫാന്‍ ഉച്ചയ്ക്ക് രണ്ടരയോടെ ലത്തീഫിന് ആക്രമിച്ചു. സ്വീകരണമുറിയില്‍ കസേരയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
സാജിതാ ബീഗത്തെ കൊല്ലണമെന്ന് അഫാന് നിര്‍ബന്ധമുണ്ടായിരുന്നില്ല. പക്ഷെ ലത്തീഫിനെ കൊന്നശേഷം സാജിതയെ കൊല്ലാതെ വീട്ടാല്‍ തന്‍റെ അരുംകൊലകള്‍ ഉടന്‍ പുറംലോകം അറിയുമെന്നതിനാലാണ് സാജിതയേയും കൊന്നതെന്നും പൊലീസ് വിശദീരിക്കുന്നു. കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ ബി.ജയന്‍റെ നേതൃത്വത്തിലാണ് കുറ്റപത്രം നല്‍കിയത്.
വല്ല്യമ്മയെ കൊന്നകേസില്‍ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. സഹോദരനെയും കാമുകിയേയും കൊന്നതില്‍ ഉടന്‍ കുറ്റപത്രം നല്‍കും. ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‌ത്തിയിരിക്കുന്ന അഫാന്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല.