afan-second-scene-examination

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. അഫാന്‍റെ പിതാവിന്‍റെ അമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. സ്വര്‍ണം ചോദിച്ചിട്ട് നല്‍കാതിരുന്നതും അമ്മയെ കളിയാക്കിയതും കൊലയ്ക്ക് കാരണമായെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. മറ്റ് കേസുകളിലും ഉടന്‍ കുറ്റപത്രം നല്‍കും.

നാടിനെ നടുക്കിയ കൂട്ടക്കൊലയില്‍ ആദ്യ കുറ്റപത്രം കോടതിയിലെത്തി. ഏക പ്രതി 24 കാരനായ അഫാന്‍. അഫാന്‍റെ പിതാവിന്‍റെ അമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രൂവരി 24നായിരുന്നു അഞ്ച് അരുംകൊലകള്‍. ആദ്യം കൊലപ്പെടുത്തിയത് സല്‍മാ ബീവിയെ. അതുകൊണ്ടാണ് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 24ന് ഉച്ചയ്ക്ക് 12 മണിയോടെ കൊല നടന്നെന്നാണ് കുറ്റപത്രത്തില്‍. വെഞ്ഞാറമൂട്ടിലെ വീട്ടില്‍ സ്വന്തം അമ്മയെ ആക്രമിച്ച ശേഷമാണ് അഫാന്‍ സല്‍മാ ബീവിയുടെ വീട്ടിലെത്തുന്നത്. അമ്മ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയത്. 

അതുകൊണ്ട് തന്നെ സല്‍മാബീവിയെ കൊല്ലാന്‍ ഉറപ്പിച്ചാണ് അഫാന്‍ വീട്ടിലെത്തിയത്. ആ സമയം സല്‍മാ ബീവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സല്‍മാ ബീവിയുടെ കൈവശമുള്ള സ്വര്‍ണമാല ആവശ്യപ്പെട്ടു. നിഷേധിച്ചതിന് തൊട്ട് പിന്നാലെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തി. കൊല്ലുന്നത് രണ്ടാഴ്ച മുന്‍പ് മുതല്‍, പലതവണയായി സല്‍മാ ബീവിയുടെ രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല അഫാന്‍ ചോദിച്ചിരുന്നു. പണയം വെക്കാനായിരുന്നു ചോദിച്ചത്. പക്ഷെ നല്‍കിയില്ല. 

അതിലെ വൈരാഗ്യമാണ് പ്രധാന കാരണങ്ങളിലൊന്ന്. അതുപോലെ തന്നെ അഫാന്‍റെയും അമ്മയുടെയും ആര്‍ഭാട ജീവിതത്തെയും കടം വാങ്ങിക്കൂട്ടുന്നതിനെയും സല്‍മാബീവി എതിര്‍ത്തിരുന്നു. അഫാന്‍റെ അമ്മയെ കളിയാക്കുകയും ചെയ്തു. അതും അഫാന്‍റെ വൈരാഗ്യത്തിന് കാരണമായി. കൊലപാതകം, കവര്‍ച്ച, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പിതാവിന്‍റെ സഹോദരന്‍, സഹോദരന്‍റെ ഭാര്യ, കാമുകി, അനിയന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും ഉടന്‍ കുറ്റപത്രം നല്‍കും.

ENGLISH SUMMARY:

In the shocking Venjaramoodu family murder case, police have filed the first chargesheet against 24-year-old Afan for killing his grandmother Salma Beevi. The motive behind the murder was her refusal to give him her gold chain and for insulting his mother. The murder occurred on February 24, prior to the other four killings in the same family. Afan has been charged with murder, robbery, and trespassing. More chargesheets in related killings will follow soon.