തൃശൂര്‍ മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ടു പവന്‍റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം അയച്ചതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്വര്‍ണം തട്ടിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ മൂന്നുപീടിക സെന്‍റ സമീപമുള്ള സ്വർണഗോപുരം ജ്വല്ലറിയിലായിരുന്നു തട്ടിപ്പ്. വളയും മാലയും മോതിരവും വാങ്ങിയ യുവാവ് അഞ്ചേമുക്കാല്‍ ലക്ഷം രൂപയായ ബില്‍തുക ഓണ്‍ലൈന്‍ ബാങ്കിങ് വഴി അടച്ചതായി ജ്വല്ലറി ഉടയെ ധരിപ്പിച്ചു. പണം പോയതായി മൊബൈല്‍ ഫോണില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ പണം വരുന്നതിന്‍റെ സന്ദേശം വൈകുമെന്നായിരുന്നു യുവാവ് പറഞ്ഞത്. ജ്വല്ലറി ഉടമ ഇതു വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ കാത്തിരുന്നിട്ടും പണം അക്കൗണ്ടില്‍ വന്നില്ല. വിളിച്ചുചോദിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പിന്നാലെ, പൊലീസിനു പരാതി നല്‍കി.
ബാങ്കിൽ അന്വേഷിച്ചപ്പോൾ 2 ലക്ഷത്തിൽ കൂടുതൽ നെഫ്റ്റ് വഴി അയക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ജ്വല്ലറിയിൽ വന്ന യുവാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. സംഭവത്തില്‍ കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം, തട്ടിപ്പ് നടത്തിയ യുവാവ് ഇന്നലെ തന്നെ മൂന്നുപീടികയിലെ മറ്റൊരു കടയിലും, കൊടുങ്ങല്ലൂരിലെ മറ്റൊരു ജ്വല്ലറിയിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നുപീടികയിൽ ഇയാൾ ആദ്യം കയറിയ ജ്വല്ലറിയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയുടെ സ്വർണം വാങ്ങിയെങ്കിലും പണം നൽകാതെ ആഭരണം കൊണ്ടുപോകാൻ ജ്വല്ലറി ജീവനക്കാർ അനുവദിക്കാത്തിതനാൽ തട്ടിപ്പ് നടന്നില്ല.