സംസാരിക്കാനോ കേൾക്കാനോ പറ്റാത്ത മുതിർന്ന ദമ്പതികളുടെ യാത്രകൾ കടൽ കടന്ന് ആറു രാജ്യങ്ങൾ പിന്നിട്ടു. ചെറിയ സ്ഥലങ്ങളിലേക്ക് തുടങ്ങിയ യാത്രകൾ, ഇപ്പോൾ ദുബായി സിംഗപ്പൂർ ഉൾപ്പെടെ യൂറോപ്പ് വരെ എത്തി നിൽക്കുന്നു. തൃശൂർ വരടിയം സ്വദേശികളായ സണ്ണിയുടെയും ലൂസിയുടെയും യാത്രാ വിശേഷങ്ങളിലേക്ക്.
സ്നേഹത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് വെറും പഴഞ്ചൊല്ല് മാത്രമല്ല. ആ സ്നേഹം സണ്ണിയുടെ കയ്യിൽ മുറുകെപ്പിടിക്കുന്ന ലൂസിയുടെ മനസ്സിലുണ്ട്. ഇരുവർക്കും സംസാരിക്കാനും കേൾക്കാനും ആകില്ല. എങ്കിലും യാത്രകൾ പോകുന്നതിന് അതൊരു തടസ്സമല്ലായിരുന്നു. അങ്ങനെ ഈ ദമ്പതികൾ കടൽ കടന്ന് ആറു രാജ്യങ്ങൾ താണ്ടി. കണ്ണുകൊണ്ട് ആസ്വദിച്ചും ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞും കൈകൾ കൊണ്ട് സംസാരിച്ചും അവർ യാത്രകളെ കൂടെ കൂട്ടി.
മക്കളായ രണ്ടു പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് ഏറെ നാളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നം ഇരുവരും നടപ്പാക്കാൻ തീരുമാനിച്ചത്. പിന്നെ വേറൊന്നും ആലോചിച്ചില്ല വീട് പൂട്ടി യാത്രക്കിറങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും ആണ് കൂടെ വരാറുള്ളത്. ഇരുവരും ജോലിചെയ്ത് സ്വരുകൂട്ടിയ സമ്പാദ്യം കൊണ്ടാണ് യാത്ര ചെയ്യുന്നത് . ദുബായ് സിംഗപ്പൂർ ഉൾപ്പടെ ആറു രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അടുത്ത യാത്രയ്ക്കുള്ള ആലോചനയിലാണ് ലൂസിയും , സണ്ണിയും. പരിമിതികൾക്കു മുന്നിൽ പതറുന്ന പലർക്കും ഈ ദമ്പതികൾ മാതൃകയാണ്.