പ്രതീകാത്മക ചിത്രം
ഭൂമിയില്‍ മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി വേണമെന്ന ജ്യോത്സ്യന്‍റെ വാക്ക് കേട്ട് 52കാരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ഫെബ്രുവരി ഒന്‍പതിനാണ് ക്രൂര കൊലപാതകമുണ്ടായതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡിയും ജ്യോത്സ്യന്‍ രാമകൃഷ്ണയും അറസ്റ്റിലായി.
52കാരനായ പ്രഭാകറെന്നയാളാണ് കൊല്ലപ്പെട്ടത്. ചിത്രദുര്‍ഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പിലിരുന്ന് ചെരുപ്പുകള്‍ തുന്നിയാണ് പ്രഭാകര്‍ ഉപജീവനം കഴിച്ചുവന്നിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹോട്ടലില്‍ പാചകക്കാരനായിരുന്ന പ്രതി ആനന്ദ് റെഡ്ഡി കടന്നുപോയിരുന്നതെന്ന് പൊലീസ് പറയുന്നു. സാമ്പത്തികഞെരുക്കം മാറാന്‍ വഴി തേടി ജ്യോത്സ്യനായ രാമകൃഷ്ണനെ ആനന്ദ് സമീപിക്കുകയായിരുന്നു. മനുഷ്യക്കുരുതി നടത്തി ആ രക്തം മാരമ്മയ്ക്ക് സമര്‍പ്പിച്ചാല്‍ അത് സ്വര്‍ണമായി തിരികെ ലഭിക്കുമെന്നായിരുന്നു രാമകൃഷ്ണ, ആനന്ദിനെ വിശ്വസിപ്പിച്ചത്.
പരശുരംപുരയിലുള്ള നിധി സ്വന്തമാക്കുന്നതിനായി നരബലി നടത്തിയാല്‍ മതിയെന്ന് ജ്യോത്സ്യന്‍ ഉറപ്പിച്ച് പറഞ്ഞതോടെ ആനന്ദ് 'ഇര'യ്ക്കായി തിരച്ചില്‍ ആരംഭിച്ചുവെന്ന് പൊലീസ് പറയുന്നു. ഇങ്ങനെയാണ് പ്രഭാകറിനെ ആനന്ദ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയ പ്രഭാകറിനോട് താന്‍ ബൈക്കില്‍ വീട്ടിലേക്ക് ഇറക്കാമെന്ന് ആനന്ദ് വാഗ്ദാനം ചെയ്തു. പ്രഭാകറുമായി ബൈക്കില്‍ സഞ്ചാരം തുടങ്ങിയ ആനന്ദ് വൈകാതെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബൈക്ക് എത്തിച്ചശേഷം പെട്രോള്‍ തീര്‍ന്നുവെന്ന് അഭിനയിച്ചു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് പ്രഭാകറിനെ തലങ്ങും വിലങ്ങും കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നതരം കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.
പ്രഭാകറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ നരബലിക്കായുള്ള ആളെ കിട്ടിയെന്ന് ജ്യോത്സ്യനായ രാമകൃഷ്ണയെ ആനന്ദ് ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബലി നടത്താനൊരുങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.