തമിഴ്‌നാട് സേലത്ത് സ്‌കൂൾ ബസിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കം വിദ്യാർഥിയുടെ ജീവനെടുത്തു. ഒന്‍പതാം ക്ലാസ് വിദ്യാർഥി കന്ദഗുരുവാണ് മരിച്ചത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ നെഞ്ചിൽ അടിയേറ്റ കന്ദഗുരു ബോധംകെട്ട് വീഴുകയായിരുന്നു.
സേലം എടപ്പാടിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾക്കിടയിലുണ്ടായ ചെറിയ തർക്കമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചത്. ഇന്നലെ സ്കൂൾ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി കുട്ടികൾ സ്‌കൂൾ ബസിൽ കയറി. ഇതിനിടെ സീറ്റിനെ ചൊല്ലി കന്ദഗുരുവും മറ്റൊരു വിദ്യാർഥിയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വിദ്യാർത്ഥി കന്ദഗുരുവിന്‍റെ നെഞ്ചിൽ ഇടിച്ചു.
ബോധരഹിതനായി വീണ കന്ദഗുരുവിനേ ആദ്യം എടപ്പാടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സക്കായി സെലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.