പ്രതീകാത്മക ചിത്രം, Meta AI
എടിഎം കൊള്ളയടിച്ച് പണം കവര്‍ന്ന ശേഷം മെഷീന്‍ കിണറ്റിലുപേക്ഷിച്ച് രക്ഷപെട്ട യുവാക്കളെ പിടികൂടി പൊലീസ്. വടക്കന്‍ ഡല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. എഞ്ചിനീയറായ നദീ(28)മെന്ന യുവാവും സുഹൃത്തും ബിരുദധാരിയുമായ സമീറു(27)മാണ് കുടുങ്ങിയത്. തെളിവുകളെല്ലാം നശിപ്പിച്ച് പണവുമായി കടന്നുകളയാനൊരുങ്ങിയ സംഘത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് പൊലീസ് വലയിലാക്കിയത്.
ഫെബ്രുവരി ആറിനായിരുന്ന യുവാക്കള്‍ എടിഎം കൊള്ളയടിച്ചത്. ബാങ്കില്‍ നിന്നും പണം നിറച്ചെന്ന് ഉറപ്പുവരുത്തിയതിന് പിന്നാലെ മെഷീനോടെ മോഷ്ടിച്ചെടുത്ത സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ മെഷീന്‍ താഴെയിറക്കി ഗ്യാസ് കട്ടര്‍ കൊണ്ട് മുറിച്ച് മാറ്റിയ ശേഷം പണം മുഴുവന്‍ വീതം വച്ചെടുത്തു. 29 ലക്ഷത്തിലേറെ രൂപയാണ് മെഷീനുള്ളിലുണ്ടായിരുന്നത്. പണം ബാഗുകളിലാക്കിയതിന് പിന്നാലെ മെഷീന്‍റെ ഭാഗങ്ങള്‍ നൂഹ് ഗ്രാമത്തിലെ വിജനമായ സ്ഥലത്തെ കിണറ്റിലെറിയുകയും ചെയ്തു. മരക്കൊമ്പുകള്‍ വെട്ടിയിട്ട് കിണറിന്‍റെ മുകള്‍ഭാഗവും മൂടി.
എടിഎം ഇളക്കി മാറ്റിയതിന് പിന്നാലെ ബാങ്കിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് അടിയന്തര സന്ദേശം പോയതാണ് യുവാക്കളെ കുടുക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ക്യാമറ കറുത്ത പെയിന്‍റടിച്ച് നാശമാക്കിയിരിക്കുന്നതും കണ്ടെത്തി. കൃത്യമായ പ്ലാനിങോടെയാണ് പൊലീസ് പിന്നീട് അന്വേഷണം നടത്തിയത്. കൊള്ള നടന്ന എടിഎം പരിസരത്ത് വന്ന ഫോണ്‍ നമ്പറുകള്‍ ആദ്യം ശേഖരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് നദീമിലേക്ക് എത്തിയത്. മൂന്ന് ദിവസം മുപ്പതോളം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ഉദ്യോഗസ്ഥര്‍ ഒടുവില്‍ കള്ളന്‍മാരെ കയ്യോടെ പൊക്കി.
കൊള്ള നടത്താന്‍ മറ്റ് നാലുപേരുടെ കൂടി സഹായം ലഭിച്ചുവെന്ന് നദീമും സമീറും പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...'വസീറബാദിലെ എടിഎമ്മിലേക്ക് രണ്ട് വാഹനങ്ങളിലായാണ് കൊള്ളസംഘമെത്തിയത്. ഇതിലൊന്ന് മോഷ്ടിച്ച വാഹനവുമായിരുന്നു. സമീര്‍ പുറത്ത് നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനിടെ മറ്റുള്ളവര്‍ ചേര്‍ന്ന് എടിഎം മെഷീനോടെ എടുത്ത് കാറില്‍ വച്ചു'. തുടര്‍ന്നാണ് സംഘം നൂഹിലെത്തിയതും പണം പങ്കിട്ടതുമെന്നും പൊലീസ് പറയുന്നു. കൊള്ളസംഘത്തിലെ മറ്റുനാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.