ജനാര്‍ദന റാവു (ഇടത്), തേജ (വലത്) : image: X
സ്വത്തം വീതം വച്ചത് തുല്യമായല്ലെന്ന് ആരോപിച്ച് ഹൈദരാബാദില്‍ മുത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. 86 വയസുള്ള പ്രമുഖ വ്യവസായിയാ വെലമതി ചന്ദ്രശേഖര ജനാര്‍ദന റാവുവാണ് വീടിനുള്ളില്‍ വച്ച് കൊച്ചുമകന്‍റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ 29കാരനായ കില്ലരു കീര്‍ത്തി തേജയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെല്‍ജാന്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാനായ ജനാര്‍ദന റാവുവിനോട് നാല് കോടി രൂപയാണ് തേജ ആവശ്യപ്പെട്ടത്. ഇത് കൊടുക്കാന്‍ റാവു വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. റാവു വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തേജ കയ്യില്‍ കരുതിയ കത്തി കൊണ്ട് മുത്തച്ഛനെ 70 തവണ കുത്തുകയായിരുന്നു. ഓടിയെത്തി ഇടപെടാന്‍ ശ്രമിച്ച തേജയുടെ അമ്മ സരോജിനി ദേവിക്കും മാരകമായി കുത്തേറ്റു. റാവു സംഭവസ്ഥലത്ത് വച്ച് മരിച്ചു. സരോജിനി നിലവില്‍ ചികില്‍സയിലാണ്.
യുഎസില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ തേജ കഴിഞ്ഞയിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.