കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ജയിലില്‍ ലഭിച്ചത് വിഐപി പരിഗണനയെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തല്‍. മെയ്ക്കപ്പ് സാധനങ്ങളും ഫോണും ജയിലില്‍ അനുവദിച്ചു. ഷെറിനെ സംരക്ഷിച്ചത് ജയില്‍ ഉദ്യോഗസ്ഥരെന്നും തൃശൂര്‍ സ്വദേശി സുനിത മനോരമ ന്യൂസിനോട് പറഞ്ഞു
പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലിൽനിന്നു വിട്ടയയ്ക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് അടുത്തിടെ വിവാദമായിരുന്നു. കണ്ണൂർ ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചായിരുന്നു തീരുമാനം. മൂന്നു ജീവപര്യന്തം തടവാണ് 2010 ജൂണിൽ മാവേലിക്കര അഡീഷനൽ സെഷൻസ് അതിവേഗ കോടതി വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതാവസാനം വരെയുള്ള തടവാണെങ്കിലും 14 വർഷം ജയിലിൽ കഴിഞ്ഞാൽ ഇളവു നൽകുന്ന കാര്യം സർക്കാരിനു പരിഗണിക്കാം. ഷെറിൻ 14 വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 8ന് ചേർന്ന ജയിൽ ഉപദേശക സമിതി, വിട്ടയയ്ക്കാൻ ശുപാർശ ചെയ്തിരുന്നു.
2009 നവംബർ 8നു രാവിലെയാണ് ഭാസ്‌കര കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മകൻ ബിനു പീറ്റർ കാരണവർ, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ അന്ന കാരണവർ എന്നിവരുടെ പേരിൽ കാരണവർ ആദ്യം റജിസ്‌റ്റർ ചെയ്ത ആധാരം റദ്ദ് ചെയ്‌തതിലുള്ള വിരോധം മൂലം ഷെറിൻ മറ്റു പ്രതികളായ ബാസിത് അലി, നിധിൻ, ഷാനു റഷീദ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മൂന്നുപേരും ഇപ്പോഴും ജയിലിലാണ്.
സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ചവരിൽ ഒരാൾ ഷെറിനാണ്. പലപ്പോഴായി ഒരു വർഷത്തിലേറെ സമയം ഇവർ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിൻ. പിന്നീട് തൃശൂർ വിയ്യൂർ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കും മാറ്റി. 2 വർഷം മുൻപ് കണ്ണൂർ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.