പത്തനംതിട്ടയിൽ വിവാഹസംഘത്തെ തല്ലിച്ചതച്ച പൊലീസുകാർക്കെതിരെ കേസെടുത്തു. എസ്.ഐ. ജിനുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. ഇന്നലെ രാത്രിയാണ് അടൂരിലെ വിവാഹച്ചടങ്ങ് കഴിഞ്ഞ് പത്തനംതിട്ടയിലെത്തിയ സംഘത്തെ പൊലീസ് മർദിച്ചത്. മർദ്ദനമേറ്റ് കോട്ടയം മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ല് പൊട്ടി. പൊലീസിന് ഗുരുതര വീഴ്ചയുണ്ട് എന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവിൻ്റെ നേതൃത്വത്തിൽ ജീപ്പ് നിർത്തി ചാടിയിറങ്ങിയ പൊലീസ് സംഘം റോഡിൽ കൂടി നടന്നു പോയവരെ ഒരു പ്രകോപനവും ഇല്ലാതെ തലങ്ങും വിലങ്ങും അടിക്കുന്നു. ഇതാണ് പത്തനംതിട്ടയിൽ കണ്ട കാഴ്ച. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം മുണ്ടക്കയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. മുണ്ടക്കയം സ്വദേശിനി സിത്താര ഭർത്താവ് ശ്രീജിത്ത് സഹോദരൻ ശ്രീജിത്ത് എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. രാത്രി 11 മണിക്ക് ഒരു സംഘം മദ്യം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബാർ ജീവനക്കാരാണ് പൊലീസിനെ വിളിച്ചത്. ഇതേസമയം പത്തനംതിട്ട സ്വദേശിനിയെ ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടു പോകുന്നതുവരെ വാഹനം നിർത്തി കാത്ത് നിൽക്കുകയായിരുന്നു വിവാഹസംഘം. വന്നിറങ്ങിയ പൊലീസ് ആരെന്നു പോലും നോക്കാതെ ഇവരെ ആക്രമിക്കുകയായിരുന്നു. വീണ സിത്താരയെ നിലത്തിട്ടും അടിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ ആരുടെയും പേര് രേഖപ്പെടുത്താതെ ആണ് കേസ്. മുറിവേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചു എന്നാണ് fir. പോലീസിന് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഡിഐജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി . പൊലീസുകാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.