ഓൺലൈൻ ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അമ്മയെ കുത്തിക്കൊലപ്പെടുത്തി മകന്‍. വിശാഖപട്ടണത്തിലെ മൽക്കപുരം പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണ് അരുംകൊല അരങ്ങേറിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ (ഐസിജി) റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സില്‍ താമസിക്കുന്ന അല്‍ക സിങാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അല്‍കയുടെ മകന്‍ അൻമോൽ സിങ്ങിനെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐസിജി കമാൻഡന്‍റാണ് അൽക സിങിന്‍റെ ഭർത്താവ് ബൽബീർ സിങ്.

സ്വകാര്യ എന്‍ജീനിയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയാണ് അൻമോൽ സിങ്. വ്യാഴാഴ്ച വൈകിട്ട് നാലിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് കോളജില്‍ നിന്ന് മടങ്ങിയെത്തിയ അൽക്ക സിങിന്‍റെ ഇളയ മകൻ ആയുഷ്മാൻ സിങ് കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയാണ്. ആയുഷാണ് അയൽവാസികളെയും മൽക്കപുരം പൊലീസിനെയും വിവരമറിയിക്കുന്നത്. 

യുവാവ് നാളുകളായി ബൈപോളാർ ഡിസോർഡറിന് ചികില്‍സയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക അന്വേഷണത്തിൽ അൻമോൽ സിങ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിനെ തുടര്‍ന്ന് അമ്മ തന്‍റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും എടുത്ത് മാറ്റിവച്ചതിനെ തുടർന്ന് പ്രകോപിതനായ യുവാവ് അമ്മെയ ആക്രമിക്കുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാവാതെ അൻമോൽ അല്‍കയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയും മൃതദേഹം മുറിയിലിട്ട് പൂട്ടുകയും ചെയ്തു. കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അല്‍കയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

In a shocking incident, a 20-year-old man allegedly stabbed his mother to death after she refused to let him play online games. The gruesome crime took place on Thursday night within the jurisdiction of the Malkapuram Police Station in Visakhapatnam.