ലയണൽ മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറെ രക്ഷിക്കാൻ മുൻ കായികമന്ത്രി വി.അബ്ദുറഹ്മാൻ ഇടപെടല്‍. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കരാർ റദ്ദാക്കൽ നടപടി ഒഴിവാക്കാൻ മന്ത്രി ഇമെയിൽ അയച്ചതിന്റെ രേഖകൾ മനോരമ ന്യൂസിന് ലഭിച്ചു. സ്പോൺസർക്ക് എതിരായ നടപടികൾ മരവിപ്പിച്ചതിനെക്കുറിച്ചും ജിഎസ്ടി അടയ്ക്കാത്തതിലെ അന്വേഷണം അട്ടിമറിച്ചതിനെക്കുറിച്ചും ധനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അർജന്റീന ടീമിന്റെ മത്സരം നടത്താനുള്ള കരാർ നൽകിയിരുന്നത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ) സമയത്ത് പണം കൈമാറാൻ കമ്പനിക്ക് കഴിഞ്ഞില്ല. പണം നല്‍കാത്തതിനാല്‍ അര്‍ജന്റീന അസോസിയേഷന്‍ കരാറില്‍നിന്ന് പിന്മാറാൻ തീരുമാനിക്കുകയും കമ്പനിക്ക് മുന്നറിയിപ്പ് ഇമെയിൽ അയക്കുകയും ചെയ്തിരുന്നു.

ഈ വീഴ്ചയും പ്രതിസന്ധിയും മറികടക്കാനാണ് മുൻ കായികമന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് അർജന്റീന അസോസിയേഷന് ഇമെയിൽ അയച്ചത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ന്യായീകരിച്ചും പണം നൽകുമെന്ന് ഉറപ്പുനൽകിയുമാണ് മന്ത്രി ഇമെയിൽ അയച്ചിട്ടുള്ളത്. രണ്ട് പേജോളം വരുന്ന ഈ ഇമെയിലിന്റെ പൂർണരൂപം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, മന്ത്രിയുടെ ഈ ഇടപെടലുകളുടെ ഔദ്യോഗിക രേഖകളോ ഫയലുകളോ കായിക വകുപ്പിന്റെ കൈയിലില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിദേശത്തേക്ക് പണം അയക്കുമ്പോൾ അടയ്ക്കേണ്ട ജിഎസ്ടി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് അഞ്ച് തവണ സമൻസ് അയച്ചിരുന്നു. എന്നാൽ ഒരു തവണ പോലും കമ്പനി അധികാരികൾ ഹാജരാകാൻ തയ്യാറായില്ല. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉന്നതതല ഇടപെടലുകളെ തുടർന്ന് സ്പോൺസർക്കെതിരായ ഈ നടപടികളും അന്വേഷണവും മരവിപ്പിക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും പരിശോധിച്ചുതുടങ്ങിയത്. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് ധനവകുപ്പും സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Kerala finance department has initiated an investigation into the alleged sabotage of a GST evasion probe linked to Lionel Messi's visit under the former LDF government. Sponsors, identified as the Reporter Broadcasting Company, ignored multiple notices and summons issued by the GST department regarding unpaid taxes amounting to 22.68 crore rupees. Although the GST department began issuing summons in June 2025, investigations were reportedly frozen following instructions from high-ranking officials of the previous administration. Legal and financial proceedings have now resumed under the newly established UDF government to examine the administrative cover-up.