പ്രമുഖ എജ്യുക്കേഷന്‍ പ്ലാറ്റ്ഫോം ബൈജൂസിന്‍റെ സ്ഥാപകന്‍ ൈബജു രവീന്ദ്രന് സിംഗപ്പുരില്‍ ആറുമാസം ജയില്‍ ശിക്ഷ. നിക്ഷേപക സ്ഥാപനവുമായി ബന്ധപ്പെട്ട കേസില്‍ ബൈജു രവീന്ദ്രന്‍ തുടര്‍ച്ചയായി കോടതി ഉത്തരവുകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജയില്‍ ശിക്ഷ. 90,000 സിംഗപ്പുര്‍ ഡോളര്‍ (ഏകദേശം 67.57 ലക്ഷം രൂപ) പിഴയടയ്ക്കണമെന്നും ബീയാര്‍ ഇന്‍വെസ്റ്റ്കോ എന്ന കമ്പനിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ ഉപസ്ഥാപനമാണ് ബൈജുവിനെതിരെ സിംഗപ്പുര്‍ കോടതിയെ സമീപിച്ചത്. ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ സിംഗപ്പുരിലുണ്ടോ എന്ന് വ്യക്തമല്ല. കോടതിവിധിയോട് ബൈജുവോ സിംഗപ്പുരിലെ അദ്ദേഹത്തിന്‍റെ അഭിഭാഷകരായ ഫെര്‍വെന്‍റ് ചേംബേഴ്സോ പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ചാണ് ‘ബൈജൂസ്’ ആഗോള ബ്രാന്‍ഡായി വളര്‍ന്നത്. ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള 'തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം ‘ബൈജൂസ്’ എന്ന ഒറ്റ ബ്രാന്‍ഡ് വഴി ലോകത്തെ തന്നെ വിലയേറിയ സ്റ്റാര്‍ട്ടപ്പായി മാറി. കോടിക്കണക്കിന് ഡോളറിന്‍റെ ആഗോള നിക്ഷേപം കമ്പനിയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ വന്‍കിട ഏറ്റെടുക്കലുകള്‍ക്കും ശതകോടികളുടെ സ്പോണ്‍സര്‍ഷിപ്പുകള്‍ക്കുമെല്ലാം വന്‍തോതില്‍ നിക്ഷേപം ചെലവഴിച്ചതോടെ കാര്യങ്ങള്‍ വഴിതെറ്റി. ആഗോള നിക്ഷേപകര്‍ സംഘടിതമായി ബൈജുവിനെതിരെ രംഗത്തുവരികയും കോടതികളെ സമീപിക്കുകയും ചെയ്തതോടെ കമ്പനി കൂപ്പുകുത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒട്ടേറെ കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ ബൈജൂസിനെതിരെ ആരോപിക്കപ്പെട്ടു. നിക്ഷേപകര്‍ പിന്‍വാങ്ങി. അനേകം രാജ്യങ്ങളില്‍ കേസുകള്‍ വന്നു. കൂട്ടപ്പിരിച്ചുവിടലും സാമ്പത്തിക പ്രതിസന്ധിയും ബൈജൂസിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചു.