ഇടുക്കി തൊടുപുഴ മുതലക്കോടത്ത് വൃദ്ധസദനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. അന്തേവാസികളിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടന്ന തൊടുപുഴ മുട്ടം സ്വദേശി ജീവൻ തോമസാണ് ബെംഗളൂരുവിൽ പിടിയിലായത്. ഇയാൾക്കായി തൊടുപുഴ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വാർധക്യത്തിൽ മികച്ച പരിപാലനവും സൗകര്യങ്ങളും നൽകാമെന്ന് ഉറപ്പുനൽകിയാണ് ജീവൻ തോമസ് അന്തേവാസികളിൽ നിന്ന് പണം തട്ടിയത്. തൊടുപുഴ മുതലക്കോടത്ത് ‘എൽഡൻ ഗാർഡൻ’ എന്ന വൃദ്ധസദനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ലക്ഷങ്ങൾ കൈക്കലാക്കിയ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. വൃദ്ധസദനത്തിൽ ആഹാരവും വെള്ളവുമില്ലാതെ അന്തേവാസികൾ കടുത്ത ബുദ്ധിമുട്ടിലായതോടെയാണ് തട്ടിപ്പ് വിവര പുറത്തുവന്നത്. പണം തിരികെ ചോദിച്ചപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു.

അന്തേവാസികളുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ വാർത്തയായതിന് പിന്നാലെ ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് തൊടുപുഴ പൊലീസ് പ്രതിക്കെതിരെ കേസെടുത്തതും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതും. വിദേശത്തുനിന്ന് നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പ്രതി വലയിലായത്. വിവരമറിഞ്ഞ് ബെംഗളൂരുവിലെത്തിയ തൊടുപുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ENGLISH SUMMARY:

Elderly care home fraud has been exposed in Thodupuzha, Idukki, where the manager of Elden Garden collected lakhs from residents before fleeing abroad. The accused, Jeevan Thomas, was apprehended in Bengaluru after a lookout notice was issued by Thodupuzha police.