പോർക്ക് ബണ്ണിനുള്ളിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതിപ്പെട്ട്, അതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സിംഗപ്പൂരിലെ ഒരു കുടുംബം. പാസിർ റിസ് മാളിലെ സ്കാർലറ്റ് സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ പോർക്ക് ബണ്ണിനുള്ളിൽ നിന്നാണ് പാറ്റയുടെ തല ലഭിച്ചത്. ബണ്‍ വാങ്ങിയ ഹാൻ സിയാങ് സിംഗപ്പൂർ ഫുഡ് ഏജൻസിക്ക് (എസ്‌എഫ്‌എ) പരാതി നൽകി.

" ഭക്ഷണം കഴിക്കുമ്പോൾ, പകുതി കഴിച്ച് തീർത്ത ഒരു പോർക്ക് ബണ്ണിൽ നിന്ന് 'മുടി' പോലൊരു സാധനം തള്ളിനിൽക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അത് പുറത്തെടുത്ത് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഒരു പാറ്റയുടെ തലയാണതെന്ന് മനസ്സിലായി. അതിന്‍റെ ശരീരത്തിന്‍റെ ബാക്കി ഭാഗം നമ്മൾ ഇതിനകം കഴിച്ചിട്ടുണ്ടാകും." ഭക്ഷണത്തിൽ നിന്ന് ലഭിച്ച പാറ്റയുടെ ഫോട്ടോയും, സൂപ്പർമാർക്കറ്റിൽ നിന്നുള്ള രസീതും ഉൾപ്പടെയാണ് ഹാൻ സിയാങ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

സിങ്കപ്പൂരിലെ പല റെസ്റ്റോറന്റുകളിലെയും ഭക്ഷ്യ സുരക്ഷാ നിലവാരം ഞെട്ടിപ്പിക്കുന്ന തരത്തിൽ അസ്വീകാര്യമാണെന്ന് അധികൃതർക്ക് നൽകിയ പരാതിയിൽ ഹാൻ സിയാങ് പറയുന്നു. പരാതിയെ തുടർന്ന് എസ്‌എഫ്‌എ ഔട്ട്‌ലെറ്റിൽ ആവശ്യമായ പരിശോധനകൾ നടത്തിയെങ്കിലും വൃത്തിഹീനമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഇത്ര ​ഗുരുതര വിഷയം ആയിരുന്നിട്ടും, സ്കാർലറ്റ് സൂപ്പർമാർക്കറ്റിൽ നിന്ന് ഇതുവരെ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് ഹാൻ സിയാങ് പറഞ്ഞു.

"എസ്‌എഫ്‌എ പരിശോധന നടത്തിയതിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല എന്നാണ് പറയുന്നത്. എന്നിരുന്നാലും, സൂപ്പർമാർക്കറ്റിൽ നിന്ന് ഞങ്ങൾക്ക് വിളമ്പിയ പാകം ചെയ്ത ഭക്ഷണത്തിനുള്ളിൽ നിന്നാണ് പാറ്റയുടെ തല കണ്ടെത്തിയത് എന്നത് വസ്തുതയാണ്. പോർക്ക് ബണ്ണിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഇറച്ചിയാണ് അടങ്ങിയിരിക്കുന്നത്, അത് മറ്റെവിടെയെങ്കിലും തയ്യാറാക്കി സൂപ്പർമാർക്കറ്റിൽ കൊണ്ടുവന്നതായിരിക്കാം. അതിന്‍റെ സത്യാവസ്ഥ കണ്ടെത്തണം. ഞാൻ തെളിവ് സഹിതം പരാതി നൽകിയിട്ടും സൂപ്പർമാർക്കറ്റോ അതിന്റെ മാതൃ സ്ഥാപനമായ ഗ്രീൻ ഒലിവ് ഗ്രൂപ്പോ എനിക്ക് മറുപടി നൽകാതിരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. ഞങ്ങൾ ഇനി ഒരിക്കലും അവിടെ നിന്ന് ഭക്ഷണം കഴിക്കില്ല." - ഹാൻ സിയാങ് വ്യക്തമാക്കുന്നു.

ENGLISH SUMMARY:

A Singaporean family discovered a cockroach head inside a pork bun, sparking concerns about food safety standards and leading to a complaint filed with the Singapore Food Agency. The incident, widely shared on social media, highlights potential issues with food preparation and hygiene in local establishments.