akhtar-hussaini

ബാബാ ആറ്റോമിക് റിസർച്ച് സെന്‍ററിലെ (BARC) ശാസ്ത്രജ്ഞനെന്ന വ്യാജേന ജംഷഡ്പൂര്‍ സ്വദേശി അക്തർ കുത്തുബുദ്ദീൻ ഹൊസൈനി സമ്പാദിച്ചത്  കോടികളുടെ വിദേശഫണ്ട്.  30വര്‍ഷത്തോളം  നീണ്ട ആള്‍മാറാട്ടത്തിലൂടെ ഇയാള്‍  തന്ത്രപ്രധാനമായ വിവരങ്ങളെന്തെങ്കിലും ചോര്‍ത്തിയോ എന്നഅന്വേഷണത്തിലാണ് മുംബൈ പൊലീസ്.  BARC ശാസ്ത്രജ്ഞനെന്ന് അവകാശപ്പെട്ട് രാജ്യത്തുടനീളം ഇയാള്‍ യാത്ര ചെയ്ത് വിവരശേഖരണം നടത്തിയതായാണ് വിവരം. ഈ കാലയളവിലാണ്  കോടികളുടെ   സാമ്പത്തിക തട്ടിപ്പ് നടത്തിയത്.  BARC-ൽ നിന്നും മറ്റ് ആണവ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിശദാംശങ്ങൾക്ക് പകരമായാണ് ഇയാള്‍ക്ക് ഫണ്ട് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.   അമേരിക്ക, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് ഹൊസൈനി  സഹോദരന്മാർക്ക് കോടിക്കണക്കിന് രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്ഥാനിലെ വ്യക്തികളുമായി അക്തർ സമ്പർക്കം പുലർത്തിയിരുന്നതായും ഇയാളുടെ അതിർത്തി കടന്നുള്ള ബന്ധങ്ങള്‍ കൂടുതൽ ആശങ്കകൾ ഉയർത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

പത്തിലധികം ഭൂപടങ്ങളും ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് അക്തര്‍ ഹുസൈനിയില്‍ നിന്ന് പിടിച്ചെടുത്തത്. പല പേരുകളിലും, പല മേല്‍വിലാസങ്ങളിലുമായിരുന്നു 1995 മുതലുള്ള  ഹുസൈനിയുടെ തട്ടിപ്പ് ജീവിതം. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഐഡികളിലൊന്നില്‍ അലി റാസ ഹുസൈൻ എന്നും മറ്റൊന്നില്‍ അലക്സാണ്ടർ പാമർ എന്നുമായിരുന്നു പേര്. ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട് രാജ്യത്തുടനീളം സഞ്ചരിക്കുന്നതിനിടെയാണ് ഒടുവില്‍ ഹുസൈനി മുംബൈ പോലീസിന്‍റെ വലയിലാകുന്നത്. ഇയാളുടെ സഹോദരൻ ആദിലും ഡൽഹിയിൽ പിടിയിലായി. നിരവധി വ്യാജ പാസ്‌പോർട്ടുകൾ, ആധാർ, പാൻ കാർഡുകൾ, വ്യാജ ബാർക്ക് ഐഡി എന്നിവയും പൊലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തു. മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍‌കുന്ന വിവരമനുസരിച്ച് 1995 മുതല്‍ ഹുസൈനി സഹോദരന്‍മാര്‍ക്ക് വിദേശത്തുനിന്ന് സഹായം ലഭിച്ചുതുടങ്ങി. ബാർക്, മറ്റ് ആണവ നിലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ ബ്ലൂപ്രിന്‍റുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇവയ്ക്ക് ആദ്യം ലക്ഷങ്ങളാണ് ഇവർക്ക് പ്രതിഫലം ലഭിച്ചിരുന്നതെങ്കിൽ 2000-2001 ന് ശേഷം ഫണ്ട് കോടികളായി വർധിച്ചു. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയ അക്തർ ഹുസൈനിയുടെ പേരിൽ ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടും പോലീസ് കണ്ടെത്തി.

പണത്തിന്‍റെ കൃത്യമായ തുകയും സ്രോതസ്സും കണ്ടെത്താൻ പോലീസ് ഇപ്പോൾ ബാങ്കിൽ നിന്ന് പൂർണ്ണമായ ഇടപാട് വിശദാംശം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അക്തറും , ആദിലും  ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ പലതും ക്ലോസ് ചെയ്തു. ആദ്യകാലം മുതലുള്ള ഇയാളുടെ മുഴുവന്‍ പണമിടപാടും കണ്ടെത്താന്‍ പോലീസ് പഴയ അക്കൗണ്ടുകളുടെ രേഖകൾ പരിശോധിച്ചുവരികയാണ്. രണ്ട് സഹോദരന്മാരും പാകിസ്ഥാൻ സന്ദർശിച്ചതായും ഇന്‍റര്‍ സർവീസ് ഇന്‍റലിജൻസ് (ഐഎസ്ഐ) എന്നിവയുമായി ബന്ധം പുലര്‍ത്തിയതായും സംശയിക്കുന്നു. 30 വര്‍ഷം മുന്‍പ് വിറ്റ ഇവരുടെ ജംഷഡ്പൂരിലെ വീടിന്‍റെ മേല്‍വിലാസമാണ് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. രണ്ട് സഹോദരന്മാരും ഈ വ്യാജ രേഖകളും വ്യാജ മേല്‍വിലാസങ്ങളും ഉപയോഗിച്ച് വിദേശയാത്ര നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. ഈ വ്യാജരേഖകളുടെ പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യവും ഇപ്പോൾ പരിശോധിച്ചുവരികയാണ്.

ENGLISH SUMMARY:

khtar Kutubuddin Hossaini, a native of Jamshedpur, accumulated foreign funds worth crores of rupees by impersonating a scientist at the Bhabha Atomic Research Centre (BARC). The Mumbai Police are investigating whether he managed to leak any strategic information during his three-decade-long impersonation. It is reported that he traveled across the country claiming to be a BARC scientist and collected information. The multi-crore financial fraud was committed during this period.