ബോളിവുഡിനെ നടുക്കി മുംബൈയിൽ വീണ്ടും വെടിവയ്പ്പ്. ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെയാണ് അക്രമികൾ വെടിയുതിർത്തത്. സൽമാൻ ഖാന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയുള്ള അക്രമത്തിൽ, താരങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ജുഹുവിലെ 'ഷെട്ടി ടവേഴ്സ്' എന്ന പത്ത് നില കെട്ടിടത്തിന് നേരെയാണ് ഇന്നലെ രാത്രി അക്രമികൾ വെടിയുതിർത്തത്. നാല് റൗണ്ട് വെടിയുണ്ടകൾ കെട്ടിടത്തിന്റെ ഭിത്തിയിൽ തറച്ചു. അക്രമം നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ ക്രൈംബ്രാഞ്ചും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രോഹിത് ഷെട്ടിയിൽ നിന്നും വീട്ടുജോലിക്കാരിൽ നിന്നും പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളുടെ മൊഴികളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
രണ്ടുവർഷം മുൻപ് സൽമാൻ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവയ്പ്പുണ്ടായ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്ന് മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു. സംഭവത്തിൽ രോഹിത് ഷെട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജുഹു മേഖലയിൽ നിലവിൽ പോലീസ് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.