സ്കൂൾ ബസ് കയറി ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. സൗത്ത് മുംബൈയിലെ ഗിർഗാവിലുള്ള ഖേത്വാഡിയിലാണ് അപകടമുണ്ടായത്. മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അഞ്ച് വയസ്സുകാരിയായ പേരക്കുട്ടിയെ സ്കൂൾ ബസിൽ നിന്ന് ഇറക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു 68-കാരിയായ ചന്ദ്രകല വ്യാസ്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. ബസിന്‍റെ മുന്നിലായിരുന്ന ചന്ദ്രകലയേയും കുട്ടികളേയും ബസ് ഇടിച്ചിട്ടു. ചന്ദ്രകലയിടേയും കുഞ്ഞിന്‍റേയും ശരീരത്തിലൂടെ ബസിന്‍റെ മുന്‍ചക്രം കയറിയിറങ്ങി. കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. മുത്തശ്ശിയുടെ കയ്യിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരി ബസ് ചക്രങ്ങൾക്കിടയിൽ നിന്ന് സെന്റിമീറ്ററുകളുടെ വ്യത്യാസത്തിൽ ഇഴഞ്ഞുമാറിയാണ് രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭാജി വഖാരെയെ (46) ഡി.ബി മാർഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രകല ആശുപത്രിയിൽ ചികിത്സയിലാണ്.