പ്രമുഖ വ്യവസായി ബി.ആർ. ഷെട്ടിക്ക് വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ദുബായ് കോടതി വൻ പിഴ ചുമത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്ത കുറ്റത്തിനാണ് ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ കോടതി വിധി പ്രഖ്യാപിച്ചത്. ഇതോടെ ഷെട്ടി 4.59 കോടി ഡോളർ അതായത് ഏകദേശം 417 കോടിയോളം രൂപ പിഴയായി അടയ്‌ക്കേണ്ടി വരും.
ഡിഐഎഫ്സി കോടതി ജഡ്ജി ജസ്റ്റിസ് ആൻഡ്രൂ മോറൻ ആണ് വിധി പുറപ്പെടുവിച്ചത്. വായ്പ എടുത്തിട്ടില്ലെന്നും രേഖകൾ വ്യാജമാണെന്നുമുള്ള ബി.ആർ. ഷെട്ടിയുടെ വാദം കോടതി പൂർണ്ണമായും തള്ളി. ഷെട്ടി നിരത്തിയത് ബാലിശവും അവിശ്വസനീയവുമായ വാദങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. 2018-ൽ എസ്ബിഐയിൽ നിന്ന് ഷെട്ടി വായ്പയെടുത്തത് തെളിയിക്കുന്നതിന് ബാങ്ക് നൽകിയ തെളിവുകൾ കോടതി പൂർണ്ണമായി അംഗീകരിച്ചു. എൻഎംസി ഹെൽത്ത് കെയറിന് വേണ്ടി ഷെട്ടി നൽകിയ ഉറപ്പ് നിഷേധിക്കാനാവില്ലെന്നും രേഖകളിലെ ഒപ്പ് അദ്ദേഹത്തിന്റേത് തന്നെയാണെന്നും വിധിന്യായത്തിൽ പറയുന്നു.
എടുത്ത വായ്പയ്ക്ക് ഷെട്ടി മാത്രമാണ് ഉത്തരവാദിയെന്നും ബാങ്കിന് പണം തിരിച്ചടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാതിരുന്നാൽ മൊത്തം തുകയ്ക്ക് 9 ശതമാനം പലിശയും, പ്രതിദിനം ഏകദേശം 10 ലക്ഷം രൂപ പലിശയായി നൽകേണ്ടിവരും.1970-കളിൽ എൻഎംസി ഹെൽത്ത് കെയറിന് തുടക്കമിട്ട ബി.ആർ. ഷെട്ടി, പിന്നീട് യുഎഇ എക്സ്ചേഞ്ച് പോലുള്ള സ്ഥാപനങ്ങളിലൂടെ 1000 കോടി ഡോളർ മൂല്യമുള്ള വൻ സാമ്രാജ്യമായി വളർന്നു. എന്നാൽ, 2020-ൽ 400 കോടി ഡോളറിന്റെ കടബാധ്യതയോടെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തകർച്ചയിലേക്ക് നീങ്ങി. ഇതിനെത്തുടർന്ന് 2020 ഫെബ്രുവരിയിൽ എൻഎംസിയിൽ നിന്ന് പടിയിറങ്ങിയ അദ്ദേഹം, കമ്പനി അബുദാബി ഭരണത്തിന് കീഴിലായതോടെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.