‍‍‍പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ കേസ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി പിഎസ് ഷംനാസിന്‍റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കോടതി നിർദേശം മറികടന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നും നിയമ നടപടി തുടരുമെന്നും നിവിൻ പൊളി സമൂഹ മാധ്യമത്തിൽ കുറിച്ചു

നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്‍റെ സഹനിർമാതാവ് പിഎസ് ഷംനാസിന്‍റെ  പരാതിയില്‍ നിവിന്‍പോളിയെ ഒന്നാംപ്രതിയാക്കിയും  സംവിധായകന്‍ എബ്രിഡ് ഷൈനെ രണ്ടാം പ്രതിയാക്കിയുമാണ് തലയോലപ്പറമ്പ് പൊലീസ് കേസെടുത്തത്. മഹാവീര്യര്‍ ചിത്രം പരാജയപ്പെട്ടതിനാല്‍ 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു ടു സിനിമയില്‍ നിര്‍മാണപങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചെന്നാണ് കേസ്. തന്‍റെ കൈയില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2 വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നും അങ്ങനെ ഒരു കോടി 90 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും ഷാംനാസിന്‍റെ പരാതി. 

അതേസമയം ഒത്തുതീർപ്പ് ശ്രമം തുടരുന്ന വിഷയമാണെന്നും കോടതി നിർദേശം മറികടന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നും നിയമ നടപടി തുടരുമെന്നും നിവിൻ പോളി സാമൂഹിക മാധ്യമത്തിൽ കുറിച്ചു

ENGLISH SUMMARY:

Case filed against actor Nivin Pauly and director Abrid Shine for allegedly defrauding Rs 1.90 crore