image: Facebook

image: Facebook

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് പൊലീസ് നോട്ടിസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം. സൗബിനു പുറമേ നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടിസയിച്ചിട്ടുണ്ട്. നേരത്തെ കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കാനാവില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്.

സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയിലാണ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്‍റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.

2022 നവംബർ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോൺ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നൽകി. ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നും സിറാജ് മൊഴി നല്‍കിയിരുന്നു. കരാർ പ്രകാരം പരാതിക്കാരനു 40 കോടി രൂപയുടെ അർഹതയുണ്ടെന്നും അതു നൽകിയില്ലെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

In a major development in the financial fraud case related to the film Manjummel Boys, actor Soubin Shahir has been served a police notice, directing him to appear before the investigation team within 14 days. Notices have also been sent to the film’s producers Babu Shahir and Shawn Antony. Earlier, the Kerala High Court dismissed their plea to quash the case, stating that the investigation can continue. The case has garnered widespread attention due to the popularity of the film and the involvement of prominent figures from the Malayalam film industry.