പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായരെ പ്രതിചേര്‍ത്തു. മൂന്നാംപ്രതിയാക്കിയാണ് കേസെടുത്തത്. സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് കേസ്.
34 ലക്ഷംരൂപ തട്ടിയെടുത്തെന്നാണ് പരാതി. സാമ്പത്തികത്തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ കെ.എൻ.ആനന്ദകുമാര്‍ ഒന്നാംപ്രതിയും അനന്തു കൃഷ്ണന്‍ രണ്ടാംപ്രതിയുമാണ്.
Read Also: പാതിവില തട്ടിപ്പില്‍ സഹകരണബാങ്കുകളും; ബിജെപി ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം
ഇതിനിടെ അനന്തുകൃഷ്ണൻ പൊളിറ്റിക്കൽ ഫണ്ടർ എന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പണം നൽകിയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് സമ്മതിച്ച് അനന്തുകൃഷ്ണൻ. തന്നെ പെടുത്തിയതാണെന്നും പേരുകൾ പിന്നാലെ പുറത്തു വിടുമെന്നും അനന്തു പറഞ്ഞു. ആനന്ദകുമാറിനും പണം നൽകിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.
പാതിവില തട്ടിപ്പിൽ പരാതി നൽകിയപ്പോൾ അനന്തു കൃഷ്ണൻ ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് മൂവാറ്റുപുഴ സീഡ് സൊസൈറ്റി ട്രഷറർ പ്രമീള ഗിരീഷ് കുമാർ പറഞ്ഞു. മൂന്നുമാസം മുമ്പ് സംശയം തോന്നിയതിനാലാണ് പരാതി നൽകിയത്. സൊസൈറ്റിക്ക് കീഴിൽ മാത്രം ഒന്‍പതരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നും പ്രമീള പറഞ്ഞു. പ്രമീളയയാണ് അനന്തു കൃഷ്ണനെതിരെ ആദ്യം മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്